കുന്നംകുളം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കുന്നംകുളം ഇൻഫർമേഷൻ സെന്ററിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി. ബിൽ തുക അടക്കാത്തതിനെ തുടർന്നാണ് നടപടി. ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ വൈദ്യുതി, ടെലിഫോൺ കണക്ഷൻ, വെള്ളം, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാകുന്നില്ല. ഗുരുവായൂർ അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് വരുന്ന തീർത്ഥാടകരും വിനോദ സഞ്ചാരികളും താമസ സൗകര്യത്തിനായ് ആശ്രയിക്കുന്ന ടൂറിസ്റ്റ് ഇൻഫർമ്മേഷൻ സെന്ററിനാണ് ഈ അവസ്ഥ. വൈദ്യുതി ഇല്ലാത്തതിനാൽ പ്രാഥമിക കാര്യങ്ങൾക്ക് പോലും വെള്ളം പമ്പ് ചെയ്യാൻ സാധിക്കുന്നില്ല. വൈദ്യുതി ബിൽ അടക്കാൻ ബിൽ ഡി.ടി.പി.സി ഓഫീസിൽ സമർപ്പിച്ചെങ്കിലും തുക അനുവദിച്ച് ലഭിച്ചില്ലെന്നാണ് വിവരം.