1

തൃശൂർ: എക്‌സൈസിന്റെ അനാസ്ഥ മൂലം ജില്ലയിൽ പരമ്പരാഗതമായ കള്ള് വ്യവസായം അനുദിനം തകരുകയാണെന്ന് തൃശൂർ ജില്ലാ മദ്യവ്യവസായ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജനറൽ ബോഡി യോഗം. ബിയർ, കള്ള് എന്നിവയേക്കാൾ ലഹരിയുള്ള ആസവങ്ങൾ ലൈസൻസില്ലാതെ എക്‌സൈസിന്റെ മൗനാനുവാദത്തോടെ വ്യാപകമായി വിൽക്കുന്നുണ്ട്. ഇതിനെതിരെ എക്‌സൈസ് മന്ത്രിയെയും കമ്മിഷ്ണറെയും നേരിൽക്കണ്ട് നിവേദനം നൽകും. നടപടിയുണ്ടായില്ലെങ്കിൽ കള്ളുചെത്ത് തൊഴിലാളികൾ സമരത്തിനിറങ്ങാൻ അന്തിക്കാട്ട് ചേർന്ന യോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. രാമദാസ് അദ്ധ്യക്ഷനായി. വി.ആർ. വിജയൻ, എ.ബി. സജീവൻ, സി.ബി. സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.