1

തൃശൂർ: സംസ്ഥാനത്ത് പ്രൊഫഷണൽ നാടക സംഘങ്ങൾക്ക് അവഗണനയുടെ അരങ്ങ്. അന്തർദേശീയ നാടകോത്സവത്തിനും മറ്റും കോടികൾ ചെലവഴിക്കുമ്പോഴും അരങ്ങ് ഒഴിയുന്ന മലയാള നാടകവേദിയെ സംഗീത നാടക അക്കാഡമി പോലും അവഗണിക്കുന്നു. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയ ഹാസ്യ നടൻ, സമഗ്ര സംഭാവനാ പുരസ്‌കാരം എന്നിവ വരെ അക്കാഡമി നിറുത്തലാക്കി.

സംഗീത നാടക അക്കാഡമി വഴി നൽകിവരുന്ന ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയുടെ തുക രണ്ട് ലക്ഷത്തിൽ നിന്ന് ഒരു ലക്ഷമായി വെട്ടിക്കുറച്ചു. 1200ൽ അധികം പേർക്ക് ലഭിച്ചിരുന്ന പരിരക്ഷ 840 പേർക്ക് മാത്രമാക്കി നിജപ്പെടുത്തുകയും ചെയ്തു. പുതുതായി ആരെയും ചേർക്കേണ്ടെന്നും തീരുമാനമെടുത്തു. പ്രൊഫഷണൽ നാടകങ്ങൾക്ക് മരണമണി മുഴങ്ങുമ്പോഴും ആയിരക്കണക്കിന് കലാകാരന്മാർ ഉപജീവനത്തിനായി അരങ്ങിൽ അഭിനയയത്‌നത്തിലാണ്.


തിരശ്ശീല വീണത് 30ലേറെ സംഘങ്ങൾക്ക്

വേദികളുടെ കുറവും ഭാരിച്ച ചെലവും രാത്രി പത്തിന് ശേഷം കലാപരിപാടികൾ അവതരിപ്പിക്കാൻ പാടില്ലെന്ന ഉത്തരവും മൂലം കഴിഞ്ഞ പത്ത് വർഷത്തിനിടെ മുപ്പതിലേറെ നാടക സംഘങ്ങൾക്കാണ് തിരശീല വീണത്. ആദ്യ കാലങ്ങളിൽ 200 മുതൽ മുന്നൂറിലേറെ അവതരണങ്ങൾ ഒരോ സീസണിലും ലഭിച്ചിരുന്നു. അതേസമയം ഭൂരിഭാഗം സംഘങ്ങൾക്കും ഇപ്പോൾ ലഭിക്കുന്നത് നൂറിൽ താഴെ മാത്രം അരങ്ങുകളാണ്. ഏതാനും സംഘങ്ങൾക്ക് മാത്രമാണ് 200ന് മുകളിൽ കളികൾ ലഭിക്കുന്നത്. രാത്രി പത്തിന് ശേഷം മൈക്ക് പ്രവർത്തിക്കാൻ പാടില്ലെന്ന നിയമം വന്നതോടെ ഒരിടത്ത് പോലും ഒരു ദിവസം രണ്ട് അവതരണം പോലും ലഭിക്കുന്നില്ല. ഇത് കനത്ത തിരിച്ചടിയായെന്നും നാടകപ്രവർത്തകർ പറയുന്നു. ജൂൺ മുതൽ നാടക സീസൺ ആരംഭിക്കുമെങ്കിലും സെപ്തംബർ മാസത്തോടെയേ സജീവമാകൂ. നാടകം സജ്ജമാക്കാൻ പത്ത് ലക്ഷത്തിലേറെ ചെലവഴിക്കേണ്ടതിനാൽ പലരും ഒരേ നാടകം രണ്ട് സീസൺ വരെ കളിക്കേണ്ട അവസ്ഥയുമുണ്ട്.


നടീനടന്മാരുടെ സംഘടന വരുന്നു

നാടക പ്രവർത്തകർക്ക് മൊത്തത്തിൽ സംഘടനയുണ്ടെങ്കിലും അരങ്ങിനെ വിസ്മയിപ്പിക്കുന്ന നാടക നടീനടന്മാരുടെ കൂട്ടായ്മ ഒരുങ്ങുകയാണ്. ഡ്രാമ അർട്ടിസ്റ്റ് അസോസിയേഷൻ ഇൻ മലയാളം (ഡ്രാമ) എന്ന പേരിലാണ് സംഘടന. ഇന്ന് സംഗീത നാടക അക്കാഡമി കെ.ടി. മുഹമ്മദ് സ്മാരക ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. കെ.എം. ധർമ്മൻ, സി.എൽ. ജോസ്, കെ.പി.എ.സി ബിയാട്രീസ്, കലാര്തന സുജാതൻ, സതീഷ് സംഘമിത്ര എന്നിവരെ ആദരിക്കും. ഡ്രാമയുടെ പ്രഥമ ശ്രേഷ്ഠ പ്രതിഭാ പുരസ്‌കാരം നാടക നടൻ ചങ്ങനാശേരി നടരാജന് സമ്മാനിക്കും. 11,111 രൂപയും പ്രശ്‌സതി പത്രവുമാണ് പുരസ്‌കാരം. വാർത്താ സമ്മേളനത്തിൽ വത്സൻ നിസരി, അഷ്‌റഫ് മുഹമ്മദ് , തോമ്പിൽ രാജശേഖരൻ, കവടിയാർ സുരേഷ് എന്നിവർ പങ്കെടുത്തു.