തൃശൂർ: കളളക്കടലും കൊടുംചൂടും അടക്കമുളള കാലാവസ്ഥാവ്യതിയാനത്തിന് പിന്നാലെ വൻകിട ബോട്ടുകൾ നടത്തുന്ന അനധികൃത മത്സ്യബന്ധനം കൂടിയാകുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്. പെർമിറ്റില്ലാതെ ആഴക്കടലിൽ അനധികൃതമായും അശാസ്ത്രീയമായും മീൻപിടിക്കുന്നതാണ് മത്തിയും അയലയും അടക്കമുള്ള മീനുകൾ കുറയുന്നതിന് കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്.
ചെറുബോട്ടുകൾക്കും വള്ളങ്ങൾക്കും സീസണിൽ ലഭിച്ചിരുന്ന മീൻ ഇപ്പോഴില്ല. സർക്കാർ നിശ്ചിയിച്ച പെർമിറ്റ് തുക അടക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരെയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലിൽ വൻകിട ബോട്ടുകാർ മത്സ്യബന്ധനം നടത്തുന്നത്. അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് കർശന നടപടിയെടുക്കുന്നുണ്ടെങ്കിലും പൂർണമായും തടയാനാകുന്നില്ല.
കെണിയായി കണവപിടിത്തവും
തെങ്ങിൻ പൂക്കുലകൾ ഉപയോഗിച്ച് കടലിൽ കൃത്രിമ കൂടുകളുണ്ടാക്കി നടത്തുന്ന കണവപിടുത്തം കടലാമകൾ അടക്കമുളള മറ്റ് ജീവികൾക്കും പാരയാകുന്നു. പൂക്കുലകൾ നൈലോൺ ചരടിൽ കോർത്ത് മണൽ നിറച്ച ചാക്കുകളോട് ബന്ധിച്ച് കടലിൽ താഴ്ത്തിയാണ് കണവപിടിത്തം. കൃത്രിമ കൂടുകളിലേക്ക് കണവകൾ കൂട്ടത്തോടെയെത്തും. ഇവിടെ കണവകൾക്ക് മുട്ടയിടാനുള്ള സാഹചര്യം കൃത്രിമമായി ഉണ്ടാക്കും. ഇത്തരം അശാസ്ത്രീയരീതികൾ പാരിസ്ഥിതിക പ്രശ്‌നത്തിനും കാരണമാകും.
രാപ്പകൽ നിയമലംഘനം
ആഴക്കടലിൽ പ്രകാശതീവ്രതയുള്ള വിളക്കിലൂടെ മത്സ്യങ്ങളെ ആകർഷിച്ച് പിടിക്കുന്നു.
നിരോധിത വല ഉപയോഗിച്ച് ബോട്ടുകൾ ആഴക്കടലിൽ നടത്തുന്ന മത്സ്യബന്ധനം
തമിഴ്‌നാടൻ വള്ളങ്ങൾ കേരള തീരത്ത് മത്സ്യബന്ധനം നടത്തി ഹാർബറിൽ വിൽക്കുന്നു
വലിയ ബോട്ടുകാർ രാവും പകലും ഡബിൾ നെറ്റ് ഉപയോഗിച്ച് മീൻ പിടിക്കുന്നു
നടപടി:
അനധികൃത മീൻപിടിത്തം നടത്തിയാൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെ.എം.എഫ് റെഗുലേഷൻ ആക്ട് 1980) പ്രകാരമാണ് കേസെടുക്കും. ബോട്ടിലെ മത്സ്യം പരസ്യലേലം ചെയ്ത് ലഭിക്കുന്ന തുക സർക്കാരിലേക്ക് കണ്ടുകെട്ടും. അനധികൃത മത്സ്യബന്ധനം നടത്തിയതിന് പിഴയായി 1,20,000 രൂപ കഴിഞ്ഞദിവസം പിടിയിലായ ബോട്ടുടമ സർക്കാരിലേക്ക് അടച്ചിരുന്നു.
പരിശോധനയും നടപടികളും കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും. അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും.
- സുഗന്ധകുമാരി, ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ