doctor

സീനിയർ ഡോക്ടറുടെ മാനസിക പീഡനത്തിനിരയായ യുവ ഡോക്ടർ ഈയിടെ ആത്മഹത്യക്കൊരുങ്ങി. മറ്റുള്ളവരുടെ മുമ്പിൽ വച്ച് ചെറിയ കാര്യങ്ങൾക്കും സീനിയർ ചീത്ത വിളിക്കാൻ തുടങ്ങിയതോടെ മാനസികമായി തളർന്നു. ശസ്ത്രക്രിയ ചെയ്യാൻ അവസരം നൽകിയില്ല. നല്ലതിനും അഭിനന്ദിക്കില്ല. തരം കിട്ടുമ്പോഴെല്ലാം അവഹേളനം. ജോലിയിൽ രക്ഷപ്പെടില്ലെന്ന തോന്നലുണ്ടായപ്പോഴാണ് ജീവനൊടുക്കാൻ തുനിഞ്ഞത്.
ചികിത്സാരംഗം ഇന്ന് മത്സരത്തിന്റേതാണ്. ബിസിനസ് താത്പര്യങ്ങൾ അവിടെയുമുണ്ട്. സ്വകാര്യ മേഖലയിൽ ധാരാളം ആശുപത്രികളും മെഡിക്കൽ കോളേജുകളും സ്‌പെഷ്യലിസ്റ്റ് ആശുപത്രികളും ക്‌ളിനിക്കുകളും വന്നു.

കണ്ണിനും പല്ലിനും കോസ്‌മെറ്റിക് ചികിത്സയ്ക്കും വരെ പ്രത്യേകം ആശുപത്രികളായി. നിലനിൽപ്പിനും ലാഭത്തിനുമായുള്ള പോരാട്ടം സ്വാഭാവികം. ഇവിടങ്ങളിലെ ഡോക്ടർമാരാണ് സ്ഥാപനത്തെ ലാഭത്തിലാക്കാൻ ചുമതലപ്പെട്ടവർ. വൻ തുക മുടക്കിയുണ്ടാക്കിയ ആധുനിക ചികിത്സാ സംവിധാനങ്ങളും ലാബുമൊക്കെ പ്രവർത്തിക്കാതിരുന്നാലോ... നഷ്ടം സഹിക്കാൻ തയ്യാറല്ലാത്ത മാനേജ്‌മെന്റുകൾ ഡോക്ടർമാർക്ക് ടാർജറ്റ് നൽകും. അടുത്തെത്തിയില്ലെങ്കിൽ പ്രശ്‌നമാകും. ശമ്പളം കൂട്ടില്ല. ജോലി നഷ്ടപ്പെടാം. അതിനാൽ മനസില്ലെങ്കിലും ബിസിനസ് താത്പര്യങ്ങൾക്ക് വഴങ്ങണം. ഇത് ധാർമ്മിക ബോധമുള്ളവരിൽ സമ്മർദ്ദമുണ്ടാക്കും.

അക്രമത്തെ തുടർന്നും സമ്മർദ്ദം

രോഗി മരിക്കാനിടയായാൽ, രോഗികളുടെ ബന്ധുക്കളോ നാട്ടുകാരോ ആശുപത്രിയെയോ തങ്ങളെയോ അക്രമിക്കുമെന്ന ഭയം സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർമാർക്കുണ്ട്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നതും പിരിമുറുക്കമുണ്ടാക്കും. ചികിത്സാപ്പിഴവ് വന്നാൽ മാനേജ്‌മെന്റും ഒപ്പമുണ്ടാകില്ല. രോഗികളുടെ ബന്ധുക്കൾ ഡോക്ടറുടെ പേരിലും കേസ് കൊടുക്കാം. ഡോക്ടർമാരിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസവും ബഹുമാനവും ഇന്നില്ല. സേവനത്തിൽ നിന്ന് ബിസിനസിലേക്ക് മാറിയതാകാം ഒരു കാരണം. രോഗിയോട് പുലർത്തേണ്ട ആത്മാർത്ഥതയും സമർപ്പണവും ഡോക്ടർമാരിൽ പലർക്കും നഷ്ടമായി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബാലികയുടെ വിരലിൽ നടത്തേണ്ട ശസ്ത്രക്രിയ നാവിലായത് കഴിഞ്ഞ ദിവസമാണ്. ചിലർക്ക് പറ്റുന്ന ഗുരുതരമായ വീഴ്ച വൈദ്യസമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ഡോക്ടർക്കുള്ള പ്രൊഫഷണൽ സ്റ്റാറ്റസ് മോഹിച്ച് ഡോക്ടറായവരുണ്ട്. രക്ഷിതാക്കളുടെ മോഹം സഫലമാക്കാൻ നിർബന്ധിതരായവരുമുണ്ട്. രോഗികളുടെയും കുടുംബത്തിന്റെയും സ്ഥാപനത്തിന്റെയും പ്രതീക്ഷകൾ ഒരുപോലെ നിറവേറ്റാൻ ഇവർക്ക് കഴിഞ്ഞെന്നു വരില്ല. ഇത്തരം സമ്മർദ്ദങ്ങൾ ജനിതകപരമായി ആത്മഹത്യാ പ്രവണതയുള്ളവരിൽ മരണചിന്തയുണ്ടാക്കാം. പ്രശ്‌നങ്ങളെ നേരിടുന്നവർ അതിജീവിക്കും, വിജയിക്കും.

അവശ്യം വേണ്ടത്

പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ്
പ്രശ്‌നങ്ങൾക്ക് അടിമപ്പെടാതിരിക്കാനുള്ള വിവേകം
ആത്മനിയന്ത്രണം, യുക്തിചിന്ത, ശുഭാപ്തിവിശ്വാസം
മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കൽ
മോശം വാക്കുകളെ അവഗണിക്കൽ

സമ്മർദ്ദമെന്നാൽ...

മാറ്റത്തിനോ വെല്ലുവിളിക്കോ വേണ്ടിയുള്ള മാനസിക പ്രതികരണമാണ് സമ്മർദ്ദം. ചിലപ്പോളത് നല്ലതാകാം. ദീർഘകാലം നിലനിന്നാൽ ശാരീരിക, മാനസിക പ്രശ്‌നങ്ങളുണ്ടാക്കാം.

സമ്മർദ്ദമുണ്ടാക്കുന്ന രോഗങ്ങൾ

ഹൈപ്പർ ടെൻഷൻ, പ്രതിരോധ ശേഷിക്കുറവ്, ഹൃദ്രോഗം, സോറിയാസിസ്, എക്‌സിമ, ദഹനപ്രശ്‌നം, ക്ഷീണം, കുടൽരോഗങ്ങൾ, ഫൈബ്രോമയാൾജിയ (പേശീവാതം), ലൈംഗിക ശേഷിക്കുറവ്.

(തുടരും)