temple-toad

പൊടിശല്യം രൂക്ഷമായതോടെ തൃപ്രയാർ ക്ഷേത്രം റോഡിൽ വ്യാപാരികളുടെ നേതൃത്വത്തിൽ വെള്ളം സ്‌പ്രേ ചെയ്യുന്നു.

തൃപ്രയാർ: വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡിനും പൈപ്പിടുന്നതിനുമായി കുഴിയെടുത്ത ഭാഗങ്ങൾ ജനങ്ങൾക്ക് വിലങ്ങുതടിയാകുന്നു. ഇവിടങ്ങളിലെ രൂക്ഷമായ പൊടിശല്ല്യമാണ് ജനങ്ങളെ വലയ്ക്കുന്നത്. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിലെയും തൃപ്രയാർ ക്ഷേത്രം റോഡിലെയും പൊടി ശല്ല്യത്തിൽ വലയുകയാണ് യാത്രക്കാരും വ്യാപാരികളും. തൃപ്രയാർ ജംഗ്ഷനിൽ ജലജീവൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത ഭാഗങ്ങളിലും ദേശീയപാത റോഡ് വികസനത്തിനായി കുഴിയെടുത്ത ഭാഗങ്ങളിലുമാണ് രൂക്ഷമായ പൊടി ശല്ല്യമുള്ളത്. ടെമ്പിൾ റോഡിൽ കാനയ്ക്കായി ഇരുവശത്തും കുഴിയെടുത്തതോടെ വാഹനക്കുരുക്കും രൂക്ഷമായി. പൊടിയെ പ്രതിരോധിക്കാൻ നിർമ്മാണ കമ്പനി തന്നെ നേരത്തേ വെള്ളം സ്‌പ്രേ ചെയ്യുമായിരുന്നു. എന്നാൽ എതാനും ദിവസങ്ങളായി വെള്ളം സ്‌പ്രേ ചെയ്യാറില്ല. ഇക്കാര്യത്തിൽ വ്യാപാരികളും നാട്ടുകാരും പരാതിപ്പെട്ടിട്ടും നടപടിയായില്ല. തുടർന്ന് വ്യാപാരികൾ വെള്ളം സ്‌പ്രേ ചെയ്യുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. നാട്ടിക പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.