manal
പൂച്ചക്കടവിലെ ഫിഷ് ലാൻഡിംഗ് സെന്ററിന്റ നിർമ്മാണ പ്രവർത്തനം പ്രദേശത്തെ മണ്ണ് എടുത്തതുമൂലം പുഴയിലായ അവസ്ഥയിൽ.

കൊടുങ്ങല്ലൂർ : അഴീക്കോട് പൂച്ചക്കടവിൽ ഫിഷ് ലാൻഡിംഗ് സെന്ററിനായി സർക്കാർ കോടികൾ ചെലവഴിച്ച് ഡ്രഡ്ജ് നടത്തി നികത്തിയ ഭൂമിയുടെ വലിയൊരു ഭാഗം ഇല്ലാതാക്കി മണൽ മാഫിയ. മത്സ്യത്തൊഴിലാളികളുടെ സ്വപ്ന പദ്ധതിയായ അഴീക്കോട് പൂച്ചക്കടവ് ഫിഷ് ലാൻഡിംഗ് സെന്റിന്റെ നിർമ്മാണ പ്രവർത്തനം ഇതുമൂലം തകിടം മറിഞ്ഞു. കരയിൽ നിന്നിരുന്ന ഫിഷ് ലാൻഡിംഗിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതോടെ വെള്ളത്തിലായി. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്തിയായിരുന്ന കാലത്താണ് സർക്കാർ കോടികൾ ചെലവഴിച്ച് പുഴയിൽ നിന്നും മണ്ണ് ഡ്രഡ്ജ് ചെയ്ത് പൂച്ചക്കടവ് മണ്ണിട്ട് നികത്തിയത്. സമീപത്തെ ഒരു സ്വകാര്യ കമ്പനി വഴി നടക്കുന്നതിനെച്ചൊല്ലി കേസ് നൽകിയതോടെ ഫിഷ് ലാൻഡിംഗ് സെന്ററിന്റെ നിർമ്മാണം തടസ്സപ്പെട്ടു. ഈ തക്കം മുതലെടുത്ത മണൽ മാഫിയ സ്ഥലത്ത് വട്ടമിട്ടു. ഡ്രഡ്ജ് ചെയ്തു കിട്ടുന്ന മണൽ നല്ല വില മതിക്കുന്നതിനാൽ രാത്രിയുടെ മറവിൽ വള്ളത്തിൽ കടത്താൻ തുടങ്ങി.
പൂച്ചക്കടവ് പ്രദേശത്ത് 500 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്തുപോലും വെള്ളം കയറാതെ കാത്തത് നികത്തപ്പെട്ട ഈ ഭൂപ്രദേശമായിരുന്നു. എന്നാൽ നികത്തിയെടുത്ത സ്ഥലത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇന്ന് മണൽ മാഫിയ കടത്തിയിരിക്കുന്നു. യുവാക്കൾ ഫുട്ബാൾ കളിച്ചിരുന്ന മൈതാനവും ഇല്ലാതെയായി. മത്സ്യത്തൊഴിലാളികൾ വഞ്ചി കെട്ടിയിരുന്ന സ്ഥലവും മാറി. ചെറിയ വൃക്ഷങ്ങൾ ഉണ്ടായിരുന്നത് മണ്ണ് ഇല്ലാതെയായതോടെ കടപുഴകി വീണു. പൂച്ചക്കടവിൽ സൂക്ഷിക്കുന്ന വഞ്ചികൾക്കോ വലകൾക്കോ എൻജിനുകൾക്കോ യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അനധികൃത മണൽ വാരൽ യഥേഷ്ടം നടക്കുമ്പോഴും ഫിഷ് ലാൻഡിംഗ് സെന്റർ സ്വപ്‌ന പദ്ധതി വെള്ളത്തിലായിട്ടും അതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ ഉറക്കം നടിക്കുന്ന പൊലീസ് ഉൾപ്പടെയുള്ള അധികൃതരുടെ നടപടിക്കെതിരെ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. മണൽകടത്തിന് തടയിടണമെന്നും ഫിഷ് ലാൻഡിംഗ് നിർമ്മാണം പൂർത്തിയാക്കണമെന്നുമാണ് ഉയരുന്ന ജനകീയാവശ്യം.

എം.എൽ.എയുടെ പരാതിയിലും നടപടിയില്ല
മൂന്ന് മാസം മുമ്പ് മണൽ കടത്തിയവരെയും വള്ളവും മത്സ്യത്തൊഴിലാളികൾ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. പ്രത്യാഘാതമായി പൂച്ചക്കടവിൽ കെട്ടിയിട്ട മത്സ്യത്തൊഴിലാളിയുടെ വഞ്ചിയിൽ നിന്നും എൻജിൻ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയായ എൻ.കെ. അക്ബർ എം.എൽ.എ തൃശൂർ എസ്.പിക്കും മണൽ കടത്തിനെതിരെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.

വെളിച്ചമില്ലായ്മയും കാമറയുടെ അഭാവവും മേഖലയിൽ തുടർച്ചയായ കവർച്ചകൾക്കും അനധികൃതമായ മണൽവാരലിനും അവസരമൊരുക്കുകയാണ്. അത് തടയാൻ പൊലീസ് തയ്യാറാകണം.
- നൗഷാദ് കറുകപ്പാടത്ത്
(മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം)