മാള : അഷ്ടമിച്ചിറ- ചാലക്കുടി പി.ഡബ്ല്യു.ഡി റോഡിൽ ഗുരുതിപ്പാല മുതൽ അണ്ണല്ലൂർ പറയൻതോട് വരെയുള്ള ഒന്നരക്കിലോമീറ്റർ ദൂരം താണ്ടിയാൽ നടുവൊടിഞ്ഞത് തന്നെ. ഈ ഭാഗത്തെ റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നു. റോഡിലെ മെറ്റലിളകി കിടക്കുന്നതും കുഴികളും കാരണം ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
റോഡിന്റെ ശോചനീയാവസ്ഥ നാട്ടുകാർ പലപ്രാവശ്യം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും കാര്യക്ഷമമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം പി.ഡബ്ല്യു.ഡി ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഒരു കരാറുകാരൻ കുറച്ചു പണിക്കാരുമായി വന്ന് കുഴികളിൽ പേരിനൊരു ഓട്ടയടയ്ക്കൽ നടത്തി. ശക്തമായ രണ്ട് മഴ പെയ്താൽ റോഡിൽ അതെല്ലാം ഒലിച്ചുപോകുന്ന അവസ്ഥയാണ്. അതേസമയം ഈ റോഡിൽ അഷ്ടമിച്ചിറ മുതൽ ഗുരുതിപ്പാല വരെയുള്ള ഭാഗവും പറയൻതോട് മുതൽ ചാലക്കുടി വരെയുള്ള ഭാഗവും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിച്ചതാണ്. ഇടയ്ക്കുള്ള ഈ ഒന്നര കിലോമീറ്റർ ഭാഗത്തോട് മാത്രമാണ് കാലങ്ങളായുള്ള അവഗണന. മാള, അഷ്ടമിച്ചിറ ഭാഗങ്ങളിലെ യാത്രക്കാർ ചാലക്കുടിയിലേക്ക് പോകുന്ന ഭാഗമാണിത്. റോഡിന്റെ ഈ ഭാഗത്തെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിച്ച് യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് ഉയരുന്ന ജനകീയ ആവശ്യം.
റോഡിന്റെ ഈ ഭാഗത്തെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാള പി.ഡബ്ല്യു.ഡി അസി.എൻജിനിയർക്കും അസി. എക്‌സിക്യൂട്ടീവ് എൻജിനിയർക്കും പരാതി നൽകിയിട്ടുണ്ട്. അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
കെ.കെ. അജയകുമാർ
(പൊതുപ്രവർത്തകൻ)