ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ. കൃത്യമായ ആസൂത്രണമില്ലാതെ സ്ഥലമേറ്റെടുക്കുന്നതിന് ഇരകളാകുന്നത് ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരാണെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു. ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരവും പുനരധിവാസവും നലകാമെന്ന സർക്കാർ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായി ജി.എം.എ ഭാരവാഹികൾ പറഞ്ഞു. വ്യക്തമായി ധാരണയില്ലാതെയാണ് പലപ്പോഴും ദേവസ്വം സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുമ്പോൾ പറയുന്ന ആവശ്യത്തിനല്ല പലപ്പോഴും സ്ഥലം പിന്നീട് ഉപയോഗിക്കപ്പെടുന്നതെന്നും ഇവർ പറഞ്ഞു. ഈ സാഹചര്യത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ശേഷമേ ഇനി സ്ഥലം ഏറ്റെടുക്കൂവെന്ന തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എൻ. മുരളി, ജനറൽ സെക്രട്ടറി റഹ്മാൻ തിരുനെല്ലൂർ, വി. മനോജ് , എം. ആനന്ദൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.