ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ദേവസ്വം തുടങ്ങി. സ്ഥലം ഏറ്റെടുക്കാനുള്ള ദേവസ്വം തീരുമാനം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ഇന്നലെ കളക്ടറേറ്റിൽ നിന്നുള്ള റവന്യൂ വിഭാഗം ഉദ്യോഗസ്ഥരും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് സ്ഥല പരിശോധന നടത്തി. അടുത്തഘട്ടമായി സാമൂഹികാഘാത പഠനം നടത്തും.

ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ അനുരഞ്ജന മാർഗത്തിലൂടെയോ ഏറ്റെടുക്കലിലൂടെയോ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ദേവസ്വം തുടങ്ങും. സ്ഥലം ഉടമകൾക്ക് വൻതുക പ്രതിഫലവും സ്ഥലത്ത് കച്ചവടം ചെയ്യുന്നവർക്ക് പുനരധിവാസവും അടങ്ങുന്ന പാക്കേജാണ് ദേവസ്വം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ പരിധിയിലുള്ള സ്ഥലങ്ങളിൽ വർഷങ്ങളായി കെട്ടിടം നിർമ്മിക്കാനോ മരാമത്ത് നടത്താനോ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഉടമകൾ സ്ഥലം വിട്ടു നൽകും എന്ന പ്രതീക്ഷയിലാണ് ദേവസ്വം. 36 സർവേ നമ്പറുകളിലായി 100 മീറ്റർ ചുറ്റളവിൽ 6.94 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.