തൃശൂർ: കുരിയച്ചിറയിലെ മാലിന്യപ്രശ്നത്തിൽ തൃശൂർ കോർപ്പറേഷന് വീഴ്ച സംഭവിച്ചെന്നും ജൈവമാലിന്യ സംസ്‌കരണ പ്ലാന്റിലെ ഈച്ച ശല്യം വീട്ടിലേക്ക് വ്യാപിച്ച് പകർച്ചവ്യാധികൾ പടരാനിടയാക്കുന്ന നിലയിലായെന്നുമുള്ള രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മാലിന്യക്കുഴികളിൽ ഇട്ടുമൂടി മഴക്കാലത്ത് കിണറിലേക്ക് ഒഴുകി കുടിവെള്ളം മുട്ടുന്ന തരത്തിലായെന്ന് കൗൺസിലിൽ പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽരാജ് പറഞ്ഞു. പ്ലാന്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനായിട്ടില്ലെന്നും ഈ പ്രദേശത്തിന് പ്രത്യേക ആരോഗ്യപരിരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം ആരംഭിക്കുന്നതിൽ കോർപ്പറേഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ജോൺ ഡാനിയേൽ പറഞ്ഞു. ശുചീകരണ പ്രവൃത്തികൾ നടത്തണമെന്ന സർക്കാർ നിർദ്ദേശവും പാലിച്ചില്ല. മഴക്കാല ശുചീകരണ പ്രവർത്തനം മഴ വരുന്നതിനു മുമ്പ് പ്രാധ്യാന്യത്തോടെ നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊതുക് മരുന്നും ഫോഗിംഗ് മെഷീനും പുല്ലുവെട്ടിയന്ത്രവും സജ്ജീകരിക്കണം. ഇനിയും ടെൻഡർ നടപടി പൂർത്തീകരിക്കാതെ ഇരുട്ടിൽ തപ്പുകയാണ് ഭരണനേതൃത്വമെന്നും വിമർശിച്ചു.
26ന് ഡ്രൈഡേ
26ന് ഡ്രൈഡേ ആചരിക്കാനും മഴക്കാല പൂർവ ശുചീകരണങ്ങൾക്ക് 40,000 രൂപ വീതം നൽകാനും കൗൺസിൽ തീരുമാനിച്ചു. 55 ഡിവിഷനിലും വാർഡ് തല സാനിറ്റേഷൻ സമിതികൾ വിളിച്ചുചേർക്കും. 20നകം എല്ലാ ഡിവിഷനിലും എട്ട് ഉപസമിതികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും. എല്ലാ കാനകളുടെയും തോടുകളുടെയും നീർച്ചാലുകളുടെയും ജലമൊഴുക്ക് കൃത്യമാക്കാനുള്ള ടെൻഡർ നടപടികൾ ആരംഭിക്കും.
ഓരോ ഡിവിഷനും 40,000രൂപ
ശുചിത്വമിഷൻ വിഹിതം
20,000 രൂപ
കോർപ്പറേഷൻ വിഹിതം
10,000 രൂപ
ആരോഗ്യ വകുപ്പിന്റെ
10,000 രൂപ