കുന്നംകുളം: കോൺഗ്രസ് കൗൺസിലർ ബിജു സി.ബേബിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ നഗരസഭ ചെയർപേഴ്‌സൺ സീതാരവീന്ദ്രന്റെ ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. പുതിയ ബസ് സ്റ്റാൻഡ് ലേലത്തിൽ നിന്നും ഒന്നാം കരാറുകാരൻ പിൻവാങ്ങിയ സാഹചര്യത്തിൽ രണ്ടാമത്തെ കരാറുകാരന് ലേലം ഉറപ്പിച്ചത് ശരിയായില്ലെന്നും റീ ടെൻഡർ ചെയ്യണമെന്നും ബിജു സി.ബേബി ആവശ്യപ്പെട്ടതോടെ ഒന്നാംകരാറുകാരൻ സെക്യൂരിറ്റിത്തുക തിരിച്ചു ലഭിക്കാനായി ബിജുവിനെ സമീപിച്ചിട്ടുണ്ടോയെന്ന വിവാദ പരാമർശം നടത്തിയതിനെതിരെയാണ് കോൺഗ്രസ് കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തിയത്. ഏറെനേരം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ചെയർപേഴ്‌സൺ സീതാവീന്ദ്രനുമായി കോൺഗ്രസ് കൗൺസിലർമാർ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ സമരം അവസാനിപ്പിച്ചു. കൗൺസിലർമാരായ ബിജു സി.ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ, മിനി മോൻസി, ലീല ഉണ്ണിക്കൃഷ്ണൻ, പ്രസുന്ന റോഷിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.