udf

കുന്നംകുളം: നഗരസഭ കൗൺസിൽ യോഗത്തിൽ ബസ് സ്റ്റാൻഡ് ലേല നടപടിയെ ചൊല്ലിയുണ്ടായ ചർച്ചയ്ക്കിടെ ചെയർപേഴ്‌സൺ സീത രവീന്ദ്രനും പ്രതിപക്ഷത്തെ ബിജു സി.ബേബിയും തമ്മിൽ വാക്‌പോരും വെല്ലുവിളിയും. ചെയർപേഴ്‌സന്റെ പരാമർശത്തിൽ കോൺഗ്രസ് അംഗങ്ങൾ ബഹളം വെച്ചതോടെ കൗൺസിൽ യോഗം പിരിച്ചുവിട്ടു. പുതിയ ബസ് സ്റ്റാൻഡ് ലേലത്തിൽ നിന്നും ഒന്നാം കരാറുകാരൻ പിൻവാങ്ങിയ സാഹചര്യത്തിൽ രണ്ടാമത്തെ കരാറുകാരന് 22 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചത് ശരിയായില്ലെന്നും റീടെൻഡർ വേണമെന്നും കോൺഗ്രസ് അംഗം ബിജു സി.ബേബി ആവശ്യപ്പെട്ടതോടെ ഒന്നാംകരാറുകാരൻ സെക്യൂരിറ്റിത്തുക തിരികെലഭിക്കാനായി ബിജുവിനെ സമീപിച്ചിട്ടുണ്ടോയെന്ന ചെയർപേഴ്‌സന്റെ ചോദ്യമാണ് ബഹളത്തിന് ഇടയാക്കിയത്. കഴിഞ്ഞവർഷത്തേക്കാൾ മൂന്നു ലക്ഷം രൂപ വർദ്ധനവിനാണ് ബസ് സ്റ്റാൻഡ് ലേലം ഉറപ്പിച്ചത്. പങ്കെടുത്തവരിൽ നിന്നും ഒരു ലക്ഷം രൂപ വീതം സെക്യൂരിറ്റി ഡെപ്പോസിറ്റായി നഗരസഭ വാങ്ങാറുണ്ട്. ആദ്യ കരാറുകാരൻ ലേലത്തിൽ നിന്നും ഒഴിവായ സാഹചര്യത്തിൽ നഗരസഭാ ചട്ടമനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് രണ്ടാമത്തെ കരാറുകാരന് ലേലം ഉറപ്പിച്ചത്. ചെയർപേഴ്‌സന്റെ പരാമർശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ചെയർപേഴ്‌സന്റെ ഡയസിന് മുമ്പിൽ നിന്ന് ബഹളം വയ്ക്കുകയും ക്ലർക്കിൽ നിന്നും അജണ്ടകൾ വാങ്ങി കീറിയെറിയുകയും ചെയ്തു. കോൺഗ്രസ് അംഗങ്ങളുടെ ബഹളത്തെ തുടർന്ന് അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ കൗൺസിൽ യോഗം പിരിച്ചുവിട്ടു. ബിജു സി.ബേബിയെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും കോൺഗ്രസ് ഗ്രൂപ്പിസം മറച്ചു പിടിക്കാൻ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും സീതരവീന്ദ്രൻ പിന്നീട് പറഞ്ഞു.