തൃശൂർ: ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ഗുണ്ടകൾക്കായി സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തവരിൽ കഞ്ചാവ് കേസിലെ പ്രതികളും ഉണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. കാപ്പ ചുമത്തി നാടു കടത്തിയവരും മറ്റ് ജില്ലകളിൽ പൊലീസ് തെരയുന്നവരും പങ്കെടുത്തിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. ഇവരെ കണ്ടെത്തി

നടപടി സ്വീകരിക്കും.

അതേസമയം, പാർട്ടി നടത്തിയ ഗുണ്ടാത്തലവനെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാൽ, ഇത് പൊലീസ് സ്ഥിരീകരിക്കുന്നില്ല. സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ച പാർട്ടിയുടെ

ദൃശ്യങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്. തൃശൂർ നഗരത്തിനടുത്തുള്ള കുറ്റൂർ പാടത്തായിരുന്നു പരസ്യമായ ആഘോഷം.

പൊലീസിന്റെ കൃത്യമായ ഇടപെടലില്ലാത്തത് മുതലെടുത്ത് ജില്ലയിൽ ഗുണ്ടാസംഘങ്ങൾ തഴച്ചുവളരുകയാണെന്ന് ആക്ഷേപമുയർന്നിരുന്നു. രണ്ട് പതിറ്റാണ്ട് മുൻപ് കുറ്റൂർ പരിസരത്ത് വൻ ഗുണ്ടാസംഘങ്ങളുണ്ടായിരുന്നു. വീണ്ടും ആ മേഖലയിൽ ഗുണ്ടകൾ തലപൊക്കുന്നുണ്ടെന്ന് സ്‌പെഷ്യൽബ്രാഞ്ച് പലതവണ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ല.