കൊടുങ്ങല്ലൂർ : എങ്ങും തല പോയ തെങ്ങുകൾ, മഞ്ഞപ്പ് ബാധിച്ച ഓലകൾ, ഓലകീറിയ തെങ്ങുകൾ, പുറമേ കൂമ്പു ചീയലും ഓല കൊഴിയലും രോഗങ്ങൾ. തീരമേഖലയിലാണെങ്കിൽ കൊമ്പൻ ചെല്ലി വക ആക്രമണം. ഇത്തരത്തിൽ കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലും വൻജീവിത പ്രതിസന്ധിയിലാണ് കേര കർഷകർ. ആദ്യം മച്ചിങ്ങ കൊഴിയും. പിന്നീട് കരിക്ക്, പിന്നെ നാളികേരം. ഒടുവിൽ തെങ്ങുകൾ തല ഇല്ലാതെ അവശേഷിക്കും. പൊറുതികേടായി കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, ചെള്ള്, പിണ്ടിപ്പുഴു എന്നീ കീടങ്ങളുടെ ആക്രമണവുമുണ്ട്. എറിയാട് പ്രദേശത്തെ ഒട്ടേറെ തെങ്ങാണ് കേടായത്. കുള്ളൻ തെങ്ങുകളും രോഗബാധയ്ക്ക് കീഴടങ്ങുന്നു. ഓലയിൽ മഞ്ഞപ്പ് ബാധിച്ചാൽ പൊടുന്നനെ മറ്റ് തെങ്ങിലേക്കും അത് പടരും. ചുരുങ്ങിയ ദിവസം കൊണ്ട് ഏക്കർകണക്കിന് വിസ്തൃതിയുള്ള തെങ്ങിൻപറമ്പിലെ തെങ്ങുകളാകെ മഞ്ഞയ്ക്കും.
വരുമാനത്തിലേക്കുള്ള വഴി
ഒരു കാലത്ത് തീരമേഖലയിൽ നിന്നും ഓല കയറ്റുമതി ചെയ്ത് വരെ വരുമാനം ലഭിച്ചിരുന്നു. എന്നാലിപ്പോൾ നാട്ടിലെ ആവശ്യങ്ങൾക്ക് പോലും ഓല കിട്ടാത്ത സ്ഥിതിയാണ്. ഒരു കാലത്ത് ഒന്നോ, രണ്ടോ ഏക്കർ ഭൂമിയുണ്ടായിരുന്നവർ മക്കളെ പഠിപ്പിച്ചതും കെട്ടിച്ചയച്ചതുമെല്ലാം കേര കൃഷി ചെയ്തായിരുന്നു. അന്ന് പ്രദേശത്ത് പറമ്പുകളിൽ തെങ്ങുകളും അതിൽ തേങ്ങകളും സമൃദ്ധമായിരുന്നു. കൊപ്ര ആട്ടുന്ന മില്ലുകൾ കൊടുങ്ങല്ലൂരിന്റെ വിവിധ സ്ഥലങ്ങളിലായി എട്ടെണ്ണമായിരുന്നു. ഇതര സംസ്ഥാനങ്ങളിലേക്ക് വെളിച്ചെണ്ണ കയറ്റുമതിയുമുണ്ടായിരുന്നു. തെങ്ങ് കൃഷിയും അനുബന്ധ തൊഴിൽ അവസരങ്ങളും നിരവധി. എന്നാൽ കാലം സഞ്ചരിച്ചതോടെ ഇതെല്ലാം ഇല്ലാതായി. അന്നത്തെ കർഷകരിൽ ബഹുഭൂരിഭാഗവും ഇന്ന് കൃഷി ഉപേക്ഷിച്ചു.
പ്രതിസന്ധികളും പലവിധം
വളത്തിന്റെ അമിത വില
കൂലിച്ചെലവ്
തേങ്ങയ്ക്ക് മതിയായ വില ലഭിക്കുന്നില്ല
സർക്കാർ സംഭരണ രീതികളിലെ പാളിച്ചകൾ
കേരകർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നിരവധി നിവേദനങ്ങൾ സർക്കാരിന് നൽകിയിരുന്നു. ഒടുവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസിൽ എല്ലാ ജില്ലകളിലും നിവേദനം നൽകി. ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
പി.വി. അഹമ്മദ് കുട്ടി
സംസ്ഥാന വൈസ് പ്രസിഡന്റ്
കേരകർഷക സംഘം.