തൃശൂർ: പാമ്പുകടിയേറ്റവർക്ക് കാര്യക്ഷമമായ ചികിത്സ ലഭ്യമാക്കുന്ന സംവിധാനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ജൂബിലി മെഡിക്കൽ മിഷൻ കോളേജ് ആശുപത്രിയും കെ.എഫ്.ആർ.ഐയും ശിൽപ്പശാല നടത്തുന്നു. സ്‌നേക് ബൈറ്റ് ലൈഫ് സപ്പോർട്ട് എന്ന പേരിൽ 17 മുതൽ മൂന്ന് ദിവസമാണ് പരിപാടി. 17ന് മദർ തെരേസ ഹാളിൽ രാവിലെ 10ന് കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാരിയർ ഉദ്ഘാടനം നിർവഹിക്കും.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അദ്ധ്യക്ഷനാകും. 19ന് മൂന്നാം ദിവസത്തെ ശിൽപ്പശാല പീച്ചി കെ.എഫ്.ആർ.ഐ. കാമ്പസിലാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ഡോക്ടർമാർ പങ്കെടുക്കും. എല്ലാവർക്കും പാമ്പുകടി കൈകാര്യം ചെയ്യാനുള്ള പ്രവൃത്തിപരിചയവും പ്രായോഗിക ജ്ഞാനവുമുണ്ടാക്കാനാണ് ശിൽപ്പശാല നടത്തുന്നത്.
മെഡിക്കൽ സംവിധാനം അധികം ലഭ്യമല്ലാത്ത ഉൾപ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പാമ്പുകടിക്ക് കൂടുതൽ സാദ്ധ്യതയുള്ളതിനാൽ ആരോഗ്യപ്രവർത്തകർക്ക് ശിൽപ്പശാല കൂടുതൽ പ്രയോജനപ്രദമാകുമെന്ന് ജൂബിലി ആശുപത്രി അസി. ഡയറക്ടർ ഫാ. പോൾ ചാലിശേരി, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി.ബി. ശ്രീകുമാർ, ഡോ. പി.സി. രാജീവ്, ഡോ. വിജയ് ചഞ്ചൽ എന്നിവർ പറഞ്ഞു.