മാള : മൂന്ന് പഞ്ചായത്തുകളിലെ ഉപ്പുവെള്ള ഭീഷണിക്ക് പരിഹാരമായി ഓർപുഴയിലെ നെയ്തക്കുടി ചുങ്കം സ്ലൂയിസ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്. ഇറിഗേഷൻ വകുപ്പ് നൽകിയ കരാർ പ്രകാരം സ്ലൂയിസ് നിർമ്മാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന പൂർത്തിയായി. പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതി യാഥാർത്ഥ്യമാകുതോടെ മാള, പുത്തൻചിറ, വേളൂക്കര പഞ്ചായത്തുകളിലെ 2500 എക്കറോളം ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ ശുദ്ധജല സ്രോതസായി മാറ്റാനായേക്കും. കൂടാതെ മേഖലയിലെ ശുദ്ധജല മത്സ്യക്കൃഷിയുടെ അനന്തസാദ്ധ്യതകളും പ്രയോജനപ്പെടുത്താം. ബഡ്ജറ്റിൽ പത്ത് കോടിയാണ് പദ്ധതിക്കായി വകയിരുത്തിയത്. അധികം വൈകാതെ മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനം ആരംഭിക്കാനാകും. പലക നിരത്തിയും ചാക്കുകളിൽ മണ്ണ് നിറച്ചും മണ്ണ് നിരത്തിയുമുണ്ടാക്കിയും പഞ്ചായത്തുകൾ താത്കാലിക ബണ്ടുകൾ നിർമ്മിക്കാറുണ്ടെങ്കിലും ഉപ്പുവെള്ളം കയറുന്നത് പൂർണമായും തടയാനാകാറില്ല. താത്കാലിക ബണ്ട് നിർമ്മിച്ചാണ് നിലവിൽ പഞ്ചായത്തുകൾ ഉപ്പുവെള്ള ഭീഷണിക്ക് തടയിടാൻ ശ്രമിക്കാറുള്ളത്. എന്തൊക്കെ ചെയ്താലും ഉപ്പ് വെള്ളം കയറിയുള്ള കൃഷി നാശം പതിവാണ്. ഈ വർഷവും പുത്തൻചിറ പഞ്ചായത്തിലെ കല്ലന്തറ, ചേനങ്കരി പാടശേഖങ്ങളിൽ ഉപ്പുവെള്ളം കയറി ഏക്കർ കണക്കിന് നെൽക്കൃഷി, വാഴ, ജാതി എന്നീ കൃഷികൾ നശിച്ചിരുന്നു.
ബണ്ടിനുള്ള ലക്ഷങ്ങളും ലാഭിക്കാം
മാള പഞ്ചായത്തിൽ ഏഴോളം സ്ഥലങ്ങളിൽ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവാക്കിയാണ് എല്ലാക്കൊല്ലവും താത്കാലിക ബണ്ട് നിർമ്മിക്കാറ്. നെയ്തക്കുടി, മാള കെ.എസ്ആർടി.സി ബസ് സ്റ്റാൻഡ് പരിസരം, പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് മാള പഞ്ചായത്ത് താത്കാലിക ബണ്ട് നിർമ്മിക്കാറുള്ളത്. പുത്തൻചിറ പഞ്ചായത്തും താത്കാലിക ബണ്ടുകൾ നിർമ്മിക്കുന്നതിന് എല്ലാവർഷവും ലക്ഷങ്ങൾ ചെലവാക്കുന്നുണ്ട്. ബണ്ട് നിർമ്മാണത്തിന് മണ്ണെത്തിക്കുന്നതിന് ജിയോളജി വകുപ്പിന്റെ അനുവാദം വാങ്ങൽ പലപ്പോഴും തലവേദനയാകാറുമുണ്ട്.
പദ്ധതിക്ക്