ഇരിങ്ങാലക്കുട : നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തെച്ചൊല്ലി കൗൺസിൽ യോഗത്തിൽ വിമർശനവുമായി അംഗങ്ങൾ. ബി.ജെ.പി അംഗം വിജയകുമാരി അനിലനാണ് വിഷയം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം താൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനൊപ്പം ട്രഞ്ചിംഗ് ഗ്രൗണ്ട് സന്ദർശിച്ചതായും സ്ഥിതി അതീവ ഗുരുതരമാണന്നും വിജയകുമാരി അനിലൻ ചൂണ്ടിക്കാട്ടി. ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യ നീക്കം തടസ്സപ്പെട്ടത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും മാലിന്യ നീക്കത്തിന് സമാന്തര മാർഗം തേടണമെന്നും ട്രഞ്ചിംഗ് ഗ്രൗണ്ട് സന്ദർശിച്ച ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക പള്ളിപ്പുറത്ത് ആവശ്യപ്പെട്ടു. ആവശ്യത്തിന് ജീവനക്കാരില്ലെന്നും അവർ പറഞ്ഞു. നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണമെന്ന് വാർഡ് കൗൺസിലർ കൂടിയായ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.ജിഷ ജോബി ആവശ്യപ്പെട്ടു.
കൂടുതൽ യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശികയായ 15 ലക്ഷം രൂപ അനുവദിക്കാൻ യോഗം തീരുമാനിച്ചു. ഈ വർഷത്തെ ഞാറ്റുവേല മഹോത്സവുമായി ബന്ധപ്പെട്ട് മേയ് 17ന് സംഘാടക സമിതി രൂപീകരണ യോഗം ചേരാനും തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ അദ്ധ്യക്ഷയായി. എം.ആർ. ഷാജു, അഡ്വ.കെ.ആർ. വിജയ, സി.സി. ഷിബിൻ, അൽഫോൻസ തോമസ്, ബിജു അക്കരക്കാരൻ, പി.ടി. ജോർജ്, സന്തോഷ് ബോബൻ, ടി.കെ. ഷാജു എന്നിവർ സംസാരിച്ചു.
മാസങ്ങളായി മാലിന്യങ്ങൾ ക്ലീൻ കേരള കൊണ്ടു പോകുന്നില്ല. മാലിന്യങ്ങൾ കൂമ്പാരമായി കൂട്ടിയിട്ടിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരെയും കാണാനായില്ല. മാലിന്യങ്ങൾ കൊണ്ടു പോകുന്നതിന് മറ്റ് മാർഗങ്ങൾ തേടാൻ നഗരസഭാ നേത്യത്വം തയ്യാറാകുന്നില്ല. മഴക്കാലം പരിസരവാസികളുടെ ജീവിതം ദുസ്സഹമാകും. അടിയന്തര ഇടപടൽ നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
- വിജയകുമാരി അനിലൻ
(ബി.ജെ.പി അംഗം)
ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം കൊണ്ടുപോകാൻ ക്ലീൻ കേരള തയ്യാറാകാത്ത സാഹചര്യത്തിൽ സ്വകാര്യ കമ്പനികളുടെ സേവനം ലഭ്യമാകുമോയെന്ന് പരിശോധിച്ച് വരികയാണ്. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ജീവനക്കാരുടെ മേൽനോട്ടം വഹിക്കുന്നതിന് ഹെൽത്ത് ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരസഭയിൽ കൂടുതൽ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങൾ, പെട്ടെന്ന് വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങൾ എന്നിവ തരംതിരിച്ച് മൂന്ന് വിഭാഗങ്ങളിലായി മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.
- സുജ സഞ്ജീവ്കുമാർ
(നഗരസഭാ ചെയർപേഴ്‌സൺ)