1
സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കങ്ങൾ ഉറപ്പ് വരുത്തി:നഗരസഭ.

വടക്കാഞ്ചേരി: സ്കൂൾ തുറപ്പിന് സുരക്ഷ ഉറപ്പാക്കാൻ വടക്കാഞ്ചേരി നഗരസഭ. കുട്ടികൾ യാത്ര ചെയ്യുന്ന സ്‌കൂൾ ബസുകൾ, മറ്റ് വാഹനങ്ങൾ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം, സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണം,​ മഴ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ അപകട ബോർഡ് സ്ഥാപിക്കണം എന്നിവയുൾപ്പെടെ സ്കൂൾ തുറപ്പിനോട് അനുബന്ധിച്ച് കർശന നിർദ്ദേശങ്ങളുമായി വടക്കാഞ്ചേരി നഗരസഭ. ജൂൺ മൂന്നിന് സ്‌കൂൾ തുറക്കും മുമ്പ് സ്‌കൂളുകളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ നഗരസഭയുടെ കീഴിൽ വിളിച്ചുചേർത്ത സ്‌കൂളുകളിലെ അദ്ധ്യാപകരുടെ യോഗത്തിലായിരുന്നു നിർദ്ദേശങ്ങൾ നൽകിയത്.

ഓരോ സ്‌കൂളിലും പ്രവേശനോത്സവം നല്ല നിലയിൽ നടത്തണമെന്നും നഗരസഭയുടെ പ്രവേശനോത്സവം ഓട്ടുപാറ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നടത്താമെന്നും നിശ്ചയിച്ചു. മേയ് 27ന് മുമ്പ് സ്‌കൂളുകളിലെ ഒരുക്കം പൂർത്തിയാക്കണം. തുടർന്ന് പി.ടി.എ യോഗം ചേരണം ഇതാണ് നി‌ർദ്ദേശങ്ങൾ. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.അനൂപ് കിഷോർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.വി.മുഹമ്മദ് ബഷീർ, ജമീലാബി എ.എം, സ്വപ്നശശി എന്നിവർ പ്രസംഗിച്ചു.

മറ്റ് നിർദ്ദേശങ്ങൾ ഇവ

സ്‌കൂളുകളിൽ ശുചിത്വം പാലിക്കണം

സ്‌കൂളുകളിലെ അടുക്കളയും, പാത്രങ്ങളും അണുമുക്തമാക്കണം

കുട്ടികൾക്ക് കുടിക്കാനായി ഉപയോഗിക്കുന്ന വെള്ളം ലാബുകളിൽ പരിശോധിക്കണം.

സ്‌കൂളും പരിസരവും മാലിന്യമുക്തമാക്കണം