കൊടുങ്ങല്ലൂർ: മഴക്കാലത്തിന് മുമ്പെ നഗരത്തിലെയും വാർഡ് പ്രദേശങ്ങളിലെയും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനം. നഗരത്തിലെ കാനകളുടെ ശുചീകരണവും മാലിന്യം നീക്കം ചെയ്യലും ആഴ്ചകൾക്ക് മുമ്പേ ആരംഭിച്ചിരുന്നു. ആരോഗ്യ വിഭാഗത്തിലെ തൊഴിലാളികൾ കാനകളിലെ സ്ലാബുകൾ തുറന്ന് ചളിയും മാലിന്യങ്ങളും നീക്കുന്ന ജോലികൾ തുടരുന്നുണ്ട്. ഹോട്ടലുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും കാനകളിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ പിഴ ചുമത്തി ശിക്ഷാ നടപടികൾ സ്വീകരിച്ചു. വാർഡുകളിലെ തോടുകളും കാനകളും ഹിറ്റാച്ചി ഉപയോഗിച്ച് ചളിയും മാലിന്യങ്ങളും നീക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്. ഇതിനായി വിവിധ ഏജൻസികൾക്ക് ടെൻഡർ നൽകിയശേഷമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കാത്തോളി തോട് വൃത്തിയാക്കുന്നതിന് എട്ട് ലക്ഷം രൂപയും വാർഡുകളിലെ ചെറിയ തോടുകളിലെ കുളവാഴയും ചളിയും നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് 24 ലക്ഷം രൂപയുമാണ് നീക്കിവച്ചിട്ടുള്ളത്. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനും കാടും പടലകളും വെട്ടി നീക്കി ശുചിത്വം ഉറപ്പാക്കുന്നതിനും മറ്റുമായി ഓരോ വാർഡിലേക്കും മുപ്പതിനായിരം രൂപ വീതം നൽകിയിട്ടുണ്ട്. വാർഡ് കൗൺസിലറുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ് ഓരോ വാർഡിലും പ്രവർത്തനങ്ങൾ നടത്തുന്നത്. സർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ മാസം 18 , 19 തീയതികളിൽ എല്ലാ വാർഡുകളിലും സാനിറ്റേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ചെയർപേഴ്‌സൺ ടി.കെ. ഗീത അദ്ധ്യക്ഷയായി. കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, ടി.എസ്. സജീവൻ, പി.എൻ. വിനയചന്ദ്രൻ, അലീമ റഷീദ്, ഒ.എൻ. ജയദേവൻ, ബീന ശിവദാസൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.