തൃശൂർ: ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കും. ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കാൻ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ വി.ആർ. കൃഷ്ണതേജ നിർദ്ദേശം നൽകുകയായിരുന്നു. പ്രതിരോധ അവബോധ പ്രവർത്തനം വിലയിരുത്തി ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. എല്ലാ കുടിവെള്ള സ്രോതസുകളിലും ശുദ്ധമാണെന്നും ക്ലോറിനേഷൻ നടത്തുന്നുണ്ടെന്നും വാട്ടർ അതോറിട്ടി ഉറപ്പാക്കും. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ഡി.എം) ബി. അനിൽകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം. ഷെഫീഖ്, ജില്ലാ മെഡിക്കൽ ഓഫീസർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വൈറൽ ഹെപ്പറ്റൈറ്റിസ്
കരളിനെ ബാധിക്കുന്ന വൈറസ് രോഗമായ ഇതിന്റെ എ, ബി വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി, ഡി വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെ പകരും. നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടുവരുന്നത് എ, ഇ വിഭാഗങ്ങളാണ്. കുഞ്ഞുങ്ങൾക്ക് ഇത് അത്ര ഗുരുതരമാകാറില്ല.
മുൻകരുതൽ, പ്രതിരോധം
വ്യക്തി, പരിസര ശുചിത്വം പാലിക്കുക
ആഹാര ശുചിത്വം, ഈച്ചശല്യം തടയുക
വെള്ളം ഉൾപ്പെടെ ആഹാരങ്ങൾ അടച്ചുവയ്ക്കുക
ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക
തൊഴുത്തും മറ്റും വീട്ടിൽ നിന്ന് അകലെയാക്കുക
കിണർവെള്ളം ഉൾപ്പെടെ ക്‌ളോറിനേറ്റ് ചെയ്യുക