ചാലക്കുടി: മഴക്കാലപൂർവ ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ചാലക്കുടി നഗരസഭ.
ഇതിനായ് പ്രത്യേക ക്യാമ്പയിൽ സംഘടിപ്പിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. 18, 19 തീയതികളിൽ വാർഡ്തലത്തിൽ പൊതുജനങ്ങളും സന്നദ്ധ സംഘടനകളുമായ് സഹകരിച്ച് പൊതു സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കുടുംബശ്രീ, ആശാ , അംഗൻവാടി, തൊഴിലുറപ്പ് പ്രവർത്തകരും വിവിധ സംഘടനാ പ്രവർത്തകരേയും ഇതിൽ പങ്കാളികളാക്കും. ആശുപത്രി, വിദ്യാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ മറ്റ് പൊതു ഇടങ്ങൾ എന്നിവ ശുചീകരണം നടത്തും.
വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് വാർഡ് തലത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പ്രവർത്തകർ പൊതു തോടുകളും കാനകളും വൃത്തിയാക്കും. ഒപ്പം പ്രധാന തോടുകളുടെ ശുചീകരണം യന്ത്രസഹായത്തോടെ നടത്തും. ടെണ്ടർ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കി അടുത്ത ആഴ്ചയിൽ പ്രവർത്തനം പൂർത്തിയാക്കും. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന കാനകളും കൽവർട്ടുകളും മണ്ണ് മാറ്റി വൃത്തിയാക്കുന്നതിനും ഇറിഗേഷൻ കനാലുകളുടെ ശുചീകരണത്തിനും ഉദ്യോഗസ്ഥരോട് നിർദ്ദേശം നൽകും.
മുനിസിപ്പൽ തല പ്രവർത്തനങ്ങൾ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണ ജീവനക്കാരേയും താല്ക്കാലിക തൊഴിലാളികളേയും ഉപയോഗിച്ച് നടത്തും.നഗരസഭ പണം അടച്ചിട്ടും തെരുവ് വിളക്കുകളുടെ ലൈൻ വലിക്കുന്ന പ്രവർത്തനം പൂർത്തിയായിട്ടില്ലെന്നും, ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും വി.ജെ. ജോജി ആവശ്യപ്പെട്ടു.

നഗരസഭ അതിർത്തിക്കുള്ളിൽ ലൈൻ വലിക്കാതെ 395 പോസ്റ്റുകളിൽ ലൈറ്റ് സ്ഥാപിച്ചിരുന്നത് കെ.എസ്.ഇ.ബി കണ്ടെത്തുകയും ഇത് ലൈൻ വലിച്ച് നിയമാനുസൃതമാക്കുന്നതിന് 10.75 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. എന്നാൽ 130 ലൈറ്റുകൾ സ്ഥാപിച്ച പോസ്റ്റുകളിലേയ്ക്ക് ഇതുവരെയും ലൈൻ വലിച്ചില്ലെന്ന് ഷിബു വാലപ്പൻ പറഞ്ഞു.
ഇതിൽ നഗരസഭയും സംയുക്ത പരിശോധന നടത്തണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
് വി.ഒ. പൈലപ്പൻ, കെ.വി.പോൾ,കെ. എസ്. സുനോജ്, പ്രീതി ബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ചെയർമാൻ എബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.


പങ്കാളികളാൻ സംഘടനകൾ

കുടുംബശ്രീ, ആശാ, അംഗൻവാടി, തൊഴിലുറപ്പ് പ്രവർത്തകരും വിവിധ സംഘടനാ പ്രവർത്തകരും പങ്കാളികളാക്കും.
യുവജന സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ, എൻ.എസ്.എസ്., എൻ.സി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡൻസ് പൊലീസ്, വ്യാപാരി സംഘടനകൾ, സാംസ്‌കാരിക യുവജന സംഘടനകൾ എന്നിവരെ സംഘടിപ്പിച്ചു കൊണ്ടാണ് ആശുപത്രി, വിദ്യാലയങ്ങൾ, ബസ് സ്റ്റാൻഡുകളും പൊതു ഇടങ്ങളും ശുചീകരിക്കുന്നത്.