വരന്തരപ്പിള്ളി : തുടർച്ചയായി രണ്ടാം ദിനവും പാലപ്പിള്ളിയിൽ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കന്നാറ്റുപ്പാടം സർക്കാർ സ്‌കൂളിന് സമീപത്താണ് ഇക്കുറി പുലിയിറങ്ങിയത്. പുലി ആക്രമിച്ച് കൊന്ന പശുക്കുട്ടിയുടെ ജഡം സ്‌കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിൽ കണ്ടെത്തി. പശുക്കുട്ടിയെ കൊന്നത് പുലിയാണെന്ന് വിവരമറിഞ്ഞെത്തിയ വനപാലകർ സ്ഥിരീകരിച്ചു. സ്‌കൂളിന്റെ മതിലിൽ നിന്ന് 20 മീറ്റർ മാറിയാണ് പശുക്കുട്ടിയെ ചത്തനിലയിൽ കണ്ടത്. ഇവിടെ നിന്ന് 100 മീറ്റർ മാറിയാണ് കഴിഞ്ഞദിവസം പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നത്. ജനവാസ മേഖലയിൽ തുടർച്ചയായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നത് പതിവായതോടെ പ്രദേശവാസികളും ഭീതിയിലാണ്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് പാലപ്പിള്ളി മേഖലയിൽ പുലിയിറങ്ങുന്നത്. രണ്ടാഴ്ച മുൻപ് കാർ യാത്രക്കാർ റോഡിൽ പുലിയെ കണ്ടിരുന്നു. തോട്ടം തൊഴിലാളികളും ആദിവാസികളും തിങ്ങിപ്പാർക്കുന്ന മേഖലയിൽ പുലിയിറങ്ങി ഭീതി പരത്തിയിട്ടും വനംവകുപ്പ് അധികൃതർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
മന്ത്രിക്ക് കത്ത് നൽകിയെന്ന് എം.എൽ.എ
പാലപ്പിള്ളിയിലെ പുലി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വനംമന്ത്രി എ.കെ.ശശീന്ദ്രന് കത്ത് നൽകിയതായി കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.