തൃശൂർ: കാലവർഷത്തിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുമ്പോഴും പ്രളയത്തിൽ തകർന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ നിർമ്മാണം ഇഴഞ്ഞിഴഞ്ഞു തന്നെ. കഴിഞ്ഞ സെപ്റ്റംബറിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ എട്ടുമാസം പിന്നിട്ടിട്ടും പ്രളയത്തിൽ മുങ്ങിയ പുഴയ്ക്കലിലെ റോഡ് പോലും പൂർത്തിയായില്ല. കരാർ കമ്പനിക്ക് ബില്ലുകൾ മാറി പണം കിട്ടാൻ വൈകുന്നതും നിർമാണ സാമഗ്രികൾക്കുള്ള ക്ഷാമവുമാണ് നിർമ്മാണം വൈകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. പുഴയ്ക്കലിലെ നാലുവരിപ്പാതയിൽ കോൺക്രീറ്റ് ചെയ്‌തെങ്കിലും അയ്യന്തോൾ റോഡിൽ നിന്ന് പുഴയ്ക്കൽ പാലം വരെയുളള ഭാഗത്ത് ഒരു നിർമ്മാണവും ചെയ്തിട്ടില്ല. ഒരു പാലം പകുതി മാത്രമാണ് പണിതീർത്തത്. അദ്ധ്യയനവർഷം തുടങ്ങുകയും മഴ ശക്തമാകുമ്പോൾ പുഴയ്ക്കൽ, മുതുവറ, നാലുവരി പൂർത്തിയാക്കാത്ത മുണ്ടൂർ, മഴുവഞ്ചേരി, കേച്ചേരി, പാറന്നൂർ മേഖലകളിലെല്ലാം വൻഗതാഗതക്കുരുക്കും കുഴികളുമുണ്ടാകും. കേച്ചേരിയിൽ ഇപ്പോൾ രാവിലെയും വൈകിട്ടും രണ്ട് കിലോമീറ്ററോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ നട്ടം തിരിയുകയാണ്. പുഴയ്ക്കൽ മുതൽ കൈപ്പറമ്പ് വരെയുള്ള ഭാഗത്തെ പത്തിലേറെ കലുങ്കുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.


ചീറിപ്പാഞ്ഞ് ലിമിറ്റഡുകൾ

നിർമ്മാണം നടക്കുന്ന റോഡിലും കുഴികളുളള രണ്ടുവരിപ്പാതയിലും കോഴിക്കോട്, കണ്ണൂർ ഭാഗത്തേയ്ക്കുളള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ചീറിപ്പായുകയാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്. കേച്ചേരിയിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ കുത്തിക്കയറുന്നതും സ്വകാര്യബസുകളാണ്. ഇതേ ചൊല്ലി മറ്റ് വാഹനയാത്രക്കാർ തമ്മിൽ വാക്കേറ്റവുമുണ്ടാകാറുണ്ട്. പൊലീസും മോട്ടോർ വാഹനവകുപ്പും യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ബസ് ഡ്രൈവർമാർ പുകയില ഉത്പന്നങ്ങളും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന പരാതിയും യാത്രക്കാർക്കുണ്ട്. അദ്ധ്യയനവർഷം തുടങ്ങിയാൽ നിരവധി സ്‌കൂൾ ബസുകളും ഇതുവഴി കടന്നുപോകും.

ജില്ലയിലെ ഏറ്റവും പ്രധാന റോഡാണിത്. പ്രളയത്തിൽ അകപെട്ട ഈ റോഡ് നവീകരിക്കുന്നതിന് കേന്ദ്രസർക്കാർ റീബിൽഡ് കേരളക്ക് ആവശ്യമായ മുഴുവൻ സംഖ്യയും കൈമാറിയിട്ടും 6 വർഷമായിട്ടും നിർമ്മാണം പൂർത്തിയാക്കിയില്ല. ജില്ലയിലെ മന്ത്രിമാരും എം.എൽ.എ മാരും മറുപടി പറയണം. നിർമ്മാണ പ്രവർത്തനങ്ങളുടെ 10%മാത്രമാണ് നടന്നിട്ടുള്ളത്. മഴ തുടങ്ങിയാൽ സ്ഥിതി രൂക്ഷമാകും, അപകടം തുടർക്കഥയാകും.

അനിൽ അക്കര,

മുൻ എം.എൽ.എ.