തൃശൂർ: ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ 'ആവേശം' സിനിമാ മോഡൽ പാർട്ടി നടത്തിയ ഗുണ്ടാ നേതാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള അനൂപിനെ അസാധാരണ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത്. പാർട്ടി സംബന്ധിച്ച് അനൂപിൽ നിന്ന് വിശദമായ മൊഴി പൊലീസ് ശേഖരിച്ചു. ഗുണ്ടാനേതാവ് കസ്റ്റഡിയിലായതായി ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പാർട്ടിയിൽ കൊലക്കേസിൽ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഞ്ചാവുകേസിലെ പ്രതികൾ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. കാപ്പ ചുമത്തപ്പെട്ടവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അനൂപ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സന്തോഷം പങ്കിടാനാണ് ഗുണ്ടാസംഘം പാർട്ടി നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അച്ഛൻ മരിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾക്ക് ഭക്ഷണം നൽകിയതാണെന്ന മൊഴിയിൽ അനൂപ് ഉറച്ചു നിൽക്കുകയാണ്. തൃശൂർ നഗരത്തിന് അടുത്തുള്ള കുറ്റൂരിലെ പാടശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകളെ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് പാർട്ടി നടത്തിയത്.
അനൂപിനെ വലിയ ആരവത്തോടെയാണ് സുഹൃത്തുക്കൾ സ്വീകരിച്ചത്. ഏപ്രിലിൽ ലോക്‌സഭാ തിരഞ്ഞൈടുപ്പിന് മുൻപ് നടന്ന പാർട്ടിയിലെ ആഘോഷം ഇവർ തന്നെയാണ് ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ആവേശം സിനിമയിലെ 'എടാ മോനെ' എന്ന ഹിറ്റ് ഡയലോഗുമായാണ് സംഘം ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഇത് നിരവധി പേർ ഷെയർ ചെയ്തിരുന്നു.