ചേർപ്പ് : സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായുള്ള റോഡ് നിർമ്മാണം പൂർത്തിയാകാത്തതിലും പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിനുമെതിരെ പ്രക്ഷോഭത്തിനൊരുങ്ങി പാലയ്ക്കലിലെ വ്യാപാരികൾ. തൃശൂർ- പാലയ്ക്കൽ-കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാത്തതിനെതിരെയാണ് പാലയ്ക്കലിലെ വ്യാപാരികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. രണ്ട് വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ സംഘടിപ്പിച്ച് സമരത്തിന് ഒരുങ്ങുകയാണ് പാലയ്ക്കലിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്. റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന്റെ ആദ്യപടിയായി തൃശൂർ- പാലയ്ക്കൽ-കൊടുങ്ങല്ലൂർ റൂട്ടിലെ വ്യാപാരികളെല്ലാം ഒപ്പിട്ട നിവദേനം കളക്ടർക്ക് സമർപ്പിക്കും. തുടർന്ന് സമൂഹത്തിലെ നാനാതുറകളിലുള്ള വ്യക്തികളെയും സംഘടനകളെയും അണിനിരത്തി ധർണ ഉൾപ്പടെയുള്ള സമരം നടത്തും. അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും.
ആയിരക്കണക്കിന് വാഹനങ്ങളാണ് പ്രതിദിനം പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെ കടന്നു പോകുന്നത്. റോഡ് നിർമ്മാണം മൂലം പലപ്പോഴും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ഇവിടെയുണ്ടാകുന്നത്. പാർക്കിംഗ് സൗകര്യമില്ലാത്തതും പണിതീരാത്ത റോഡിലെ അപകടസാദ്ധ്യതയും ജനങ്ങളെ പാലയ്ക്കൽ പ്രദേശത്തെ വ്യാപാരികളിൽ നിന്ന് അകറ്റിയിട്ട് വർഷങ്ങളായി. പ്രളയവും കൊവിഡും കഴിഞ്ഞ് അതിജീവനം തുടങ്ങിയ വ്യാപാരികൾക്കാണ് ഇരുട്ടടി പോലെ ഒരു അവസ്ഥ വന്നിരിക്കുന്നത്. രണ്ടുമാസം കൊണ്ട് തീർക്കുമെന്ന് പറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടുവർഷമായിട്ടും തീരാതെ കിടക്കുകയാണ്.
കാത്തിരിപ്പിന് പരിഹാരം കാണുന്നതിനായി അധികാരികളും കളക്ടറും ഇടപെടലുകൾ നടത്തണം. റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം.
- സുനിൽ സൂര്യ
(പാലയ്ക്കൽ യൂണിറ്റ് പ്രസിഡന്റ്
വ്യാപാരി വ്യവസായി ഏകോപന സമിതി)
ദുരിതങ്ങളെറെ