voli
വോളി

തൃശൂർ : സ്‌കൂളുകളിൽ ഉയരമുള്ളവരെയും കഴിവുള്ളവരെയും കണ്ടെത്തി മികച്ച പരിശീലനം നൽകി ഉയർത്തിക്കൊണ്ടുവന്നിരുന്ന കാലമുണ്ടായിരുന്നു. ഭൂരിഭാഗം സ്‌കൂളുകളുടെയും നടുമുറ്റമെങ്കിലും വോളിബാളിനായി മാറ്റിവെച്ചിരുന്നു. എന്നാൽ അവയെല്ലാം ഇപ്പോൾ കെട്ടിടങ്ങളായി മാറി. ആയിരത്തിലേറെ സ്‌കൂളുകൾ ജില്ലയിൽ ഉണ്ടെങ്കിലും നാമമാത്രമായ സ്ഥലങ്ങളിൽ മാത്രമാണ് വോളിബാളിന് പരിഗണന കൊടുക്കുന്നത്.
ചെന്ത്രാപ്പിന്നി സ്‌കൂൾ, ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവൻ, വരന്തരപ്പിള്ളി വോളി അക്കാഡമി, പേരാമംഗലം ദുർഗാവിലാസം സ്‌കൂൾ, കൊടുങ്ങല്ലൂർ മേഖലയിലെ ഏതാനും സ്‌കൂൾ എന്നിവിടങ്ങളിലാണ് വോളിബാൾ പരിശീലിപ്പിക്കുന്നത്.

പേരാമംഗലം സ്‌കൂളിലും വരന്തരപ്പിള്ളി അക്കാഡമിയിലും നൂറിൽ താഴെ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. പേരാമംഗലം സ്‌കൂളിൽ രണ്ട് പതിറ്റാണ്ടായി ഹോസ്റ്റൽ സൗകര്യവുമുണ്ട്. വോളിബാളിന്റെ വളർച്ചയ്ക്കായി സ്‌റ്റേഡിയം വരെ നിർമ്മിച്ച തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ അവധിക്കാല ക്യാമ്പുണ്ട്. എന്നാൽ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകളിലെത്തിയാൽ ഇവർക്ക് കളിക്കാനുള്ള അവസരം ഇല്ലെന്ന് പരിശീലകർ പറയുന്നു.

കോളേജ് ടീമും നാമാവേശമാകുന്നു

ആൺകുട്ടികളുടെ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജിനും വനിതാ വിഭാഗത്തിൽ സെന്റ് ജോസഫ്‌സിനും മാത്രമാണ് നല്ല ടീമുള്ളത്. ഇരു ടീമും ദേശീയതലത്തിൽ വരെ നേട്ടങ്ങൾ കൈവരിച്ചവരാണ്. എന്നാൽ നേരത്തെ കേരള വർമ്മ, സെന്റ് തോമസ്, വടക്കാഞ്ചേരി വ്യാസ, കുന്നംകുളം വിവേകാനന്ദ, നാട്ടിക എസ്.എൻ, അസ്മാബി കോളേജ് എന്നിവയ്‌ക്കെല്ലാം മികച്ച ടീമുണ്ടായിരുന്നെങ്കിൽ ഇന്ന് അതും ഇല്ലാത്ത സ്ഥിതിയാണ്. യൂണിവേഴ്‌സിറ്റി തലങ്ങളിലേക്ക് ഉയരാനുള്ള സാഹചര്യം പോലും അടഞ്ഞുപോയി.


തകർച്ചയ്ക്ക് ആക്കം കൂട്ടി അധികാര വടംവലി

ജില്ലയിൽ സ്‌പോർട്‌സ് കൗൺസിലും വോളിബാൾ അസോസിയേഷനും തമ്മിലുള്ള ശീതസമരമാണ് വോളിബാളിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്.

സംസ്ഥാനാടിസ്ഥാനത്തിൽ തന്നെ സ്‌പോർട്‌സ് കൗൺസിൽ, നിരവധി ടൂർണമെന്റ് സംഘടിപ്പിച്ചിരുന്ന വോളിബാൾ അസോസിയേഷന്റെ

പ്രവർത്തനം മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുണ്ട്. അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ സർക്കാർ സ്‌കൂളുകൾ പങ്കെടുക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. അസോസിയേഷനെ ടെക്‌നിക്കൽ കമ്മിറ്റിയുടെ നിയന്ത്രണത്തിലാക്കിയെങ്കിലും ജില്ലാ സംസ്ഥാനതലത്തിൽ വഴിപാട് മത്സരം നടത്തി കാര്യങ്ങൾ അവസാനിപ്പിക്കുകയാണെന്ന ആരോപണവുമുണ്ട്.

(നാളെ, എന്തിന് ഇങ്ങനെ ഒരു സ്റ്റേഡിയം).