തൃശൂർ: മഞ്ഞപ്പിത്തത്തിന് പുറമെ ഡെങ്കിപ്പനി മരണങ്ങളും പകർച്ചവ്യാധികളും സ്ഥിരീകരിച്ചതിനാൽ കൂടുതൽ ജാഗ്രതാ നിർദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനിക്ക് കാരണമായ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിന് ഇടയാക്കുന്നതിനാൽ കൂത്താടി നശീകരണം ശക്തിപ്പെടുത്തണം. കറുത്ത ശരീരത്തിൽ വെള്ളപ്പുള്ളികളുള്ള ഈഡിസ് കൊതുകളാണ് ഡെങ്കിപ്പനിക്ക് കാരണമായ വൈറസുകൾ പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്ന കൊതുകുകൾ പ്രധാനമായും കൃത്രിമ ജലശേഖരങ്ങളിൽ കാണപ്പെടുന്നു. കുറച്ച് വെള്ളത്തിലാണ് ഇവ മുട്ടയിട്ട് വിരിയുന്നത്. വീടിനകത്തും പുറത്തും പൊതുസ്ഥലങ്ങളിലുമുള്ള ഉറവിടങ്ങളിലാണ് ഇവ വളരുന്നത്. ഫ്രിഡ്ജിന്റെ ട്രേ, അലങ്കാര സസ്യങ്ങൾ നട്ടുവളർത്തിരിക്കുന്ന ചട്ടികളുടെ അടിയിലെ ട്രേ, പറമ്പിൽ ഉപേക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, മുട്ടത്തോട്, ചിരട്ട തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇവ മുട്ടയിടാം.


വേണം മുൻകരുതൽ
വലിച്ചെറിയപ്പെടുന്ന വീട്ടുമാലിന്യങ്ങൾ സമയാസമയങ്ങളിൽ നശിപ്പിക്കുകയോ നിർമ്മാർജനം ചെയ്യുകയോ വേണം. വെള്ളം കെട്ടി നിന്ന് ഉറവിടമാകാനിടയുള്ള ടയറുകളിലും മരപ്പൊത്തുകളിലും മുളങ്കുറ്റികളിലും മണ്ണു നിറയ്ക്കണം. ടെറസിലും സൺഷേഡിലും മേൽക്കൂരയുടെ പാത്തികളിലും മഴവെള്ളം കെട്ടിനിൽക്കരുത്. ഇത്തരം കാര്യങ്ങൾ ഉറപ്പുവരുത്താൻ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം. കൊതുകളുടെ മുട്ട, കൂത്താടി എന്നിവ നശിപ്പിക്കുന്ന രാസമിശ്രിതങ്ങളുടെ സ്‌പ്രേയിംഗ്, ടെമിഫോസ് തരികളുടെ വിതറൽ, ഫോഗിംഗ്, കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗംബൂസിയ എന്നീ മത്സ്യങ്ങളെ വെള്ളക്കെട്ടുകളിലും മറ്റും നിക്ഷേപിക്കുന്നതും ഫലപ്രദമാണ്.