അന്തിക്കാട്: ഉഷ്ണതരംഗവും കൊടുംചൂടും മൂലം വേണ്ടത്ര വിളവ് ലഭിച്ചക്കാത്തതിനാൽ ഏക്കർകണക്കിന് വരുന്ന നെൽപ്പാടങ്ങൾ വിളവെടുക്കാതെ കർഷകർ കത്തിച്ചു. അന്തിക്കാട് കോൾപ്പാട ശേഖരത്തിലാണ് സംഭവം. വിളവെടുത്താൽ കൊയ്ത്തു യന്ത്രത്തിന് നൽകേണ്ട തുക പോലും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കർഷകർ കൂട്ടത്തോടെ നെൽപ്പാടങ്ങളിൽ തീയിട്ടത്.

വേനൽ മഴ കുറഞ്ഞതും കീടബാധ കൂടിയതും കാലാവസ്ഥ വ്യതിയാനവും മൂലം നെല്ലുത്പാദനം വൻതോതിൽ ഇടിഞ്ഞിരുന്നു. അന്തിക്കാട് കോൾ പാടശേഖരത്തിലെ കുൽകാട്ടിര, പുത്തൻകോൾ, പുള്ള്, കോവിലകം തുടങ്ങിയ കോൾ പാടശേഖരങ്ങളിൽ വിളവെടുത്തിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാണ് കർഷകർ നെൽപ്പാടത്ത് തീയിട്ടത്. ചില പാടശേഖരങ്ങളിൽ വിളവെടുക്കാതെ തന്നെ ട്രാക്ടർ ഇറക്കി ഉഴുത് നെൽച്ചെടികൾ കീഴ്മേൽ മറിച്ചിട്ടു.

അന്തിക്കാട് പരപ്പൻ ചാൽപാടത്ത് രണ്ടര പറ കൊയ്തെടുത്തപ്പോൾ വെറും രണ്ട് ചാക്ക് നെല്ല് മാത്രമാണ് കിട്ടിയത്. വിളവെടുക്കാതെ ഇരിക്കുകയായിരുന്നു ഉചിതം. 2023ൽ എട്ട് ചാക്ക് കിട്ടിയ പാടത്ത് നിന്നാണ് ഇക്കുറി രണ്ട് ചാക്ക് മാത്രം കിട്ടിയത്.

- ചക്കാണ്ടത്ത് പുഷ്‌കരൻ, കർഷകൻ