തൃശൂർ: വ്യാപക നാശനഷ്ടമുണ്ടാക്കുന്ന മിന്നൽച്ചുഴലിക്കാറ്റുകൾ പുത്തൂർ, കല്ലൂർ തുടങ്ങിയ മലയോരമേഖലയിൽ ആവർത്തിക്കുമ്പോൾ ഇതേക്കുറിച്ച് പഠനം നടത്താനോ മുന്നറിയിപ്പ് നൽകാനോ നടപടികളില്ല. കഴിഞ്ഞദിവസം രാത്രി വീശിയടിച്ച ചുഴലിക്കാറ്റിൽ കള്ളായിൽ ഓണവിപണിയിലേക്കായി കൃഷി ചെയ്ത 600 ഓളം നേന്ത്രവാഴകളാണ് നശിച്ചത്. മണ്ണംപേട്ട തെക്കേക്കരയിൽ വീടിന്റെ മുകളിലേക്ക് പഞ്ഞിമരം വീണ് മേൽക്കൂരയും തകർന്നു. മുൻ വർഷങ്ങളിലും ഇവിടെ ചുഴലിക്കാറ്റുണ്ടായിട്ടുണ്ട്.
നാലുവർഷമായി പുത്തൂർ മേഖലയിൽ വ്യാപകമായ ചുഴലിക്കാറ്റ് കാലവർഷത്തിലും തുലാവർഷത്തിലും തുടരുകയാണ്. മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ ഗവേഷണകേന്ദ്രം പുറപ്പെടുവിപ്പിക്കുമ്പോഴും ചുഴലിക്കാറ്റ് ഒരേ മേഖലയിൽ ആവർത്തിക്കുന്നതിന്റെ കാരണം ഇതേ വരെ പഠിച്ചിട്ടില്ല. മൂന്ന് വർഷം മുൻപ് സെപ്തംബറിൽ പുത്തൂരിനെ വിറപ്പിച്ച മിന്നൽച്ചുഴലി ആഞ്ഞുവീശി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായപ്പോൾ, പഠനം നടത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഠനവിവരങ്ങളൊന്നും ലഭ്യമായില്ല. മഴ ഒഴിഞ്ഞതോടെ പഠനവും ഗവേഷണവുമെല്ലാം തീർന്നു. പ്രകൃതിദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും നിർദ്ദേശമുണ്ടായിരുന്നു. മാള, അഷ്ടമിച്ചിറ, കുഴൂർ ഭാഗങ്ങളിലും ചുഴലിക്കാറ്റ് ആവർത്തിക്കുന്നുണ്ട്.
മുന്നറിയിപ്പുണ്ടായാൽ രക്ഷപ്പെടാം
മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞാൽ, കാറ്റ് മൂലമുണ്ടാകുന്ന ദുരന്തത്തിന്റെ ആഴം കുറയ്ക്കാനും ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും കഴിയും. പ്രാദേശികമായും കൃത്യമായും കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ കാലാവസ്ഥാ ഗവേഷണ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തന്നെയാണ് മറ്റെല്ലാ കാലാവസ്ഥാ പ്രതിസന്ധികളെയുമെന്ന പോലെ ചുഴലിക്കാറ്റിനും പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. നീരാവിയും ചൂടും ചുഴലിക്കാറ്റുകൾക്ക് അനുകൂല ഘടകമാണെന്നും വിലയിരുത്തുന്നുണ്ട്. പത്ത് കിലോമീറ്റർ വേഗമുള്ള കാറ്റ് പെട്ടെന്ന് മുപ്പത് കിലോമീറ്റർ വരെയാകാം. അമ്പത് കിലോമീറ്റർ വേഗത്തിൽ വീശുമ്പോൾ മരങ്ങൾ വീഴാം.
മഴയും ചുഴലിയും അതിതീവ്രം
ഈർപ്പത്തിന്റെ അളവ് കാരണം പെട്ടെന്ന് ചുഴലിക്കാറ്റ് അതിതീവ്രമാകും.
അസാധാരണമായ കാലാവസ്ഥാ പ്രതിഭാസം ഇനിയും വർദ്ധിക്കും
വേനൽമഴയിലെ വ്യാപക കൃഷിനാശം കാലവർഷത്തിൽ സ്ഥിതി ഗുരുതരമാക്കും
മഴയെപ്പോലെ ചുഴലിക്കാറ്റുകൾ പ്രവചിക്കുന്നത് സങ്കീർണ്ണമാകുന്നു
ഉയർന്നുപൊങ്ങുന്ന മേഘത്തിൽ നിന്ന് താഴോട്ടുള്ള വായുവിന്റെ ശക്തിയേറിയ തള്ളൽ കാരണം മിന്നൽച്ചുഴലികളുണ്ടാകാം. ആവർത്തിച്ച് പ്രത്യേക മേഖലയിൽ കാറ്റ് ഉണ്ടാകുന്നതിൽ പഠനം അനിവാര്യമാണ്. തിരശ്ചീനമായി വീശുന്ന കാറ്റിന്റെ ഗതിയിൽ പെട്ടെന്ന് വർദ്ധനയുമുണ്ടാകാം. ഇത്തരം കാറ്റുകൾക്കായി നിരീക്ഷണ സംവിധാനം അനിവാര്യമാണ്.
ഡോ.ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ.