തൃശൂർ : വോളിബാളിന്റെ വളർച്ചയ്ക്കായി കോടികൾ ചെലവഴിച്ച് പണി തീർത്തതാണ് തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്‌റ്റേഡിയം. പക്ഷേ വോളിബാൾ പ്രേമികൾ മത്സരം കണ്ടിട്ട് പത്ത് വർഷമായി. നിർമ്മാണ ശേഷം ഒരു തവണ മാത്രമാണ് അഖിലേന്ത്യാതലത്തിൽ അംഗീകൃത ടൂർണമെന്റിന് തൃപ്രയാർ വേദിയായത്. അതിന് മുമ്പ് താത്കാലിക ഗ്യാലറി കെട്ടിയുണ്ടാക്കി സൂപ്പർ ലീഗ്, ഫെഡറേഷൻ കപ്പ് എന്നിവയ്ക്ക് പുറമേ അഖിലേന്ത്യാതലത്തിലുള്ള ടൂർണമെന്റുകൾക്കും തൃപ്രയാർ വേദിയായി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ജിമ്മി ജോർജ്ജ് , രമണ റാവു, ശ്യാം സുന്ദർ റാവു, വെങ്കിട്ട രമണ മുതൽ തൃപ്രയാർ സ്വദേശി കെ.ജി.രാഗേഷ് വരെ നീണ്ടു കിടക്കുന്ന കളിക്കാരുടെ കളിമികവ് കണ്ട് ആസ്വദിച്ചവരാണ് ഇവിടത്തുകാർ.
ശ്രീധരൻ, ബൽവന്ത് സിംഗ്, ഹരിയാനയിലെ സന്ദീപ് ശർമ്മ, കെ.ഉദയകുമാർ, അബ്ദുൾ ബാസിത്ത്, ചഞ്ചൽ, സിറിൽ സി.വെള്ളൂർ, ടി.സി.ജ്യോതിഷ്, കപിൽ ദേവ്, കിഷോർ കുമാർ, വനിതാ താരങ്ങളായ ഏലമ്മ, സാലി ജോസഫ്, സലോമി സേവ്യർ, അനു - സുനു ജേക്കബ്ബ് ഇങ്ങനെ നീളുന്ന വൻ നിര തൃപ്രയാറിലെത്തി. സെൻട്രൽ കസ്റ്റംസ്, റെയിൽവേ, ഒ.എൻ.ജി.സി, സർവീസസ്, എയർ ഇന്ത്യ, ഇന്ത്യൻ നേവി തുടങ്ങി രാജ്യത്തെ എല്ലാ പ്രൊഫഷണൽ ടീമുകളുടെയും കേളീമികവ് തൃപ്രയാറിന് മുന്നിലെത്തി.
മുൻകാലങ്ങളിൽ ടൂർണമെന്റ് നടത്താൻ വലിയ ചെലവ് വന്നിരുന്നില്ലെന്ന് സംഘാടകർ പറയുന്നു. എന്നാൽ ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒരു ടീമിനെ കൊണ്ടുവന്ന് ഒരാഴ്ച്ച താമസസൗകര്യം നൽകി പങ്കെടുപ്പിക്കാൻ ലക്ഷങ്ങൾ ചെലവു വരും. കളിക്കാർക്കുള്ള വേതനവും താങ്ങാവുന്നതിൽ അപ്പുറമായി. ഒരു ടൂർണമെന്റ് നടത്തിയാൽ സംസ്ഥാനത്ത് നിന്നുള്ള കളിക്കാർ പോലും അതിൽ പങ്കെടുക്കാത്ത സാഹചര്യമാണെന്നും സംഘാടകർ പറയുന്നു.
തലയുയർത്തി എസ്.എൻ.എസ്.സി
ഓരോ വർഷം ചെല്ലുന്തോറും ടൂർണമെന്റുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുമ്പോഴും ചെന്ത്രാപ്പിന്നി എസ്.എൻ.എസ്.സി ചരിത്രം തിരുത്തി കുറിച്ച് മാനം കാക്കുകയാണ്. ഇന്ത്യ-പാക് യുദ്ധ സമയത്തും അടിയന്തരാവസ്ഥാ കാലത്തും കൊവിഡ് കാലത്തും ഒഴികെ 1966 മുതൽ വോളിബാൾ ടൂർണമെന്റ് നടത്തുന്നുണ്ട്. എല്ലാ മദ്ധ്യവേലവധി കാലത്തും വോളിബാൾ ക്യാമ്പുമുണ്ട്.
മുൻകാലങ്ങളിൽ കളിക്കാരുടെ സമർപ്പണം പറഞ്ഞറിയിക്കാനാവില്ല. എന്നാൽ ഇന്ന് സ്ഥിതി മാറി. ആത്മസമർപ്പണമുണ്ടായാലേ കളിയും മുന്നോട്ട് പോകൂ.
മണിലാൽ, മുൻ പ്രസിഡന്റ്
എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നി.
സ്‌കൂൾതലത്തിൽ വോളിബാളിന് പരിഗണന നൽകണം. എന്നാലേ പഴയ തലയെടുപ്പിലേക്ക് ഈ കായിക ഇനത്തെ തിരിച്ചു കൊണ്ടുവരാനാകൂ.
പി.സി.രവി
വോളിബാൾ പരിശീലകൻ.