kuzhiedutha-nilayil

കൊടുങ്ങല്ലൂർ: ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് കൊടുങ്ങല്ലൂരിലേക്ക് സഞ്ചരിക്കാൻ ക്രോസിംഗ് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി നടത്തിവരുന്ന സമരപ്പന്തലിനു മുമ്പിൽ ദേശീയപാത കരാറുകാരന്റെ പ്രകോപനം. സമരപ്പന്തലിനു മുമ്പിൽ തന്നെ ജെ.സി.ബി ഉപയോഗിച്ച് കരാറുകാരൻ വലിയ കുഴിയെടുത്തത് പ്രകോപനപരമാണെന്നായിരുന്നു ആരോപണം. ഇന്നലെ രാവിലെയാണ് കുഴിയെടുത്തത്.

ഈ സമയം ഈ ഭാഗത്ത് സമരക്കാർ ആരും ഉണ്ടായിരുന്നില്ല. ബൈപാസിലെ ക്രോസിംഗ് ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുംവരെ സി.ഐ ഓഫീസ് സിഗ്‌നൽ ജംഗ്ഷനിൽ ദേശീയ പാത നിർമ്മാണം നിറുത്തിവയ്ക്കാൻ കഴിഞ്ഞ ചൊവ്വാഴ്ച നഗരസഭാ ചെയർപേർസൺ ടി.കെ. ഗീത വിളിച്ച സർവകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു.

വിഷയത്തിൽ നാട്ടുകാർക്ക് അനുകൂലതീരുമാനം എടുക്കുന്നതിന് എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, കളക്ടർ, ദേശീയപാതാ അധികൃതർ, കരാറുകാർ തുടങ്ങിയവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ രാവിലെ കരാറുകാരന്റെ പ്രവൃത്തി. കരാറുകാരന്റെ നടപടി നവമദ്ധ്യമങ്ങളിൽ നിറഞ്ഞതോടെ വൈകിട്ട് പ്രതിഷേധം കനക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിനിടെ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉൾപ്പെടെ പ്രതിഷേധം അറിയിച്ചതോടെ വൈകിട്ട് സായാഹ്ന ധർണ ആരംഭിക്കുന്നതിനു മുൻപേ കുഴി കരാറുകാരൻ മണ്ണിട്ട് നികത്തി.