വടക്കാഞ്ചേരി: മാലിന്യ സംസ്കരണ രീതികൾ പഠിക്കാൻ വിവിധ പഞ്ചായത്തുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സംഘം വടക്കാഞ്ചേരിയിൽ. കിലയിൽ പരിശീലനത്തിന്റെ ഭാഗമായെത്തിയ സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ് നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റും കൈമാറ്റ ചന്തയും സന്ദർശിച്ചത്. മാലിന്യ സംസ്‌കരണ പദ്ധതികൾ നഗരസഭകളെ അപേക്ഷിച്ച് പഞ്ചായത്തുകളിൽ പ്രാരംഭ ഘട്ടത്തിലാണ്. അതിനാൽ ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനം നൽകുകയും മികച്ച മാതൃകകൾ കാണിച്ചുകൊടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് അമ്പതോളം പേർ അടങ്ങുന്ന പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എത്തിയത്. നഗരസഭയുടെ ഡിവാട്ടേർഡ് പ്ലാന്റ്ും കൈമാറ്റ ചന്തയും കേരളത്തിലെ ഏറ്റവും പുതുമയുള്ളതും മാതൃകാപരവുമായ പദ്ധതികളായിരുന്നു. മാലിന്യങ്ങളെ തരംതിരിക്കുകയും അതിൽനിന്നും മികച്ച വരുമാനം കണ്ടെത്തുകയും ചെയ്യുന്ന ഹരിത കർമ്മ സേനയാണ് നഗരസഭയിലുള്ളത്. ഈ പ്രവർത്തനങ്ങളെയാണ് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ടീം വിശദമായി നിരീക്ഷിച്ചതും പഠിച്ചതും. കൗൺസിൽ ഹാളിൽ നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ, നഗരസഭാ സെക്രട്ടറി കെ. കെ. മനോജ് എന്നിവരുമായി സംവദിച്ചു.