ചെങ്ങാലൂർ : ഗവ. സ്‌കൂളിന്റെ ചുറ്റുമതിലിനോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ മരങ്ങൾ എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാവുന്നു. തകർന്ന നിലയിലായിരുന്ന സ്‌കൂളിന്റെ ചുറ്റുമതിൽ അടുത്തിടെയാണ് പുതുക്കി നിർമ്മിച്ചത്. എന്നാൽ മതിൽ നിർമ്മിക്കുന്ന സ്ഥലത്തിനോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാതെയുള്ള നിർമ്മാണമാണ് ഭീഷണിയായിരിക്കുന്നത്. മരങ്ങൾ നിലനിറുത്തിതന്നെ മതിൽ വിഭജിച്ചാണ് മതിൽ നിർമ്മാണം. അശാസ്ത്രീയമായ ഈ മതിൽ നിർമ്മാണത്തിനെതിരേ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ മരങ്ങളുടെ അടിവശത്തെ മതിലിന്റെ കരിങ്കൽ കെട്ട് പൊളിച്ചു മാറ്റിയിരുന്നു. ഇതോടെ മരങ്ങൾ ഏതു നിമിഷവും നിലംപതിക്കും.
പൊതുമരാമത്ത് റോഡിനോട് ചേർന്നുള്ള മരങ്ങളുടെ ഇരുവശത്തും മതിൽ തുറന്നു കിടക്കുന്നതിലൂടെ വിദ്യാർത്ഥികൾ റോഡിലേക്ക് ഇറങ്ങാനും സാധ്യത ഏറെയുണ്ട്. കാലവർഷം അടുക്കുകയും സ്‌കൂൾ തുറക്കുന്ന ദിവസം എത്തുമ്പോഴും അപകടഭീഷണിയായ മരം മുറിച്ച് മാറ്റുന്നതിന് അധികൃതർ മുന്നോട്ട് വരാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നിർമ്മാണ സമയത്ത് മരങ്ങൾ മുറിക്കുന്നതിന് ഫോറസ്റ്റ് വകുപ്പിനെ സമീപിക്കാനും അപേക്ഷകൾ നൽകാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ നിർമ്മാണമെന്ന് ആക്ഷേപമുണ്ട്. മരങ്ങൾ മുറിച്ച് മാറ്റി മതിൽ നിർമ്മാണം നടത്തി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് നാട്ടുകാരുടെ ആവശ്യം.
തുറന്ന മതിൽ നിർമ്മാണം
അശാസ്ത്രീയമായ മതിൽ നിർമ്മാണം കുട്ടികളുടെ ജീവനുതന്നെ ഭീഷണിയാകുകയാണ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി ഏകദേശം 200 ന് മുകളിൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ തുറന്ന മതിൽ നിർമ്മാണം കുട്ടികൾ ഏതു നിമിഷവും പുറത്തിറങ്ങാൻ കാരണമാകുന്നു. പൊതുമരാമത്ത് റോഡിനോട് ചേർന്നുള്ള മതിലാണ് ഈ വിധം നിർമ്മിച്ചത്. വാഹന സഞ്ചാരമുള്ള റോഡിൽ ഈ വിദ്യാർത്ഥികൾ ഇറങ്ങിയാൽ ജീവനു ഭീഷണിയാകും.