കുന്നംകുളം: മരത്തംകോട് നിയന്ത്രണം വിട്ട ജെ.സി.ബി ബുള്ളറ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ബുള്ളറ്റ് യാത്രികയായ യുവതിക്ക് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശി വന്നേരിഞ്ഞാലിൽ മേക്കാട്ട് വീട്ടിൽ നിഷയ്ക്കാണ് (37) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. പാതയോരത്ത് നിറുത്തിയ ബുള്ളറ്റിൽ പിറകിൽ വന്ന ജെ.സി.ബി ഇടിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്ത് നിന്നും എരുമപ്പെട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെ.സി.ബിയാണ് അമിതവേഗത്തിലെത്തി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണാണ് യുവതിക്ക് പരിക്കേറ്റത്. പരിക്കേറ്റ യുവതിയെ മരത്തംകോട് അൽ അമീൻ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബുള്ളറ്റിനും കേടുപാടുണ്ടായി. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.