ചാലക്കുടി: കരളലിയിപ്പിക്കുന്ന നാദങ്ങളാൽ പുല്ലാങ്കുഴൽ വായിക്കാൻ ഇനി കലാസദൻ കുമാറില്ല. പ്രമുഖ ഗായകരുടെ ഗാനങ്ങൾ ഇമ്പമാർന്ന വേണു നാദത്തിൽ പുല്ലാങ്കുഴലിലൂടെ ഒഴുകിവന്നതൊക്കെ ഇനി ഓർമ്മകൾ മാത്രമായി. മൂന്നു പതിറ്റാണ്ടുകൾ വേദികളിൽ നിറഞ്ഞു നിന്ന പടിഞ്ഞാറെ ചാലക്കുടി സ്വദേശി കന്യാടത്ത് കുമാരൻ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് വിടപറഞ്ഞപ്പോൾ കലാരംഗത്തും അതൊരു കനത്ത ആഘാതമായി. ഗാന ഗന്ധവൻ യേശുദാസ്, ഭാവഗായകൻ ജയചന്ദ്രൻ തുടങ്ങിയ അനുഗ്രഹീതരുടെ ആലാപനത്തിൽ പുല്ലാങ്കുഴൽ വാദകനാകാൻ ഭാഗ്യം സിദ്ധിച്ച ഈ അമ്പത്തിമൂന്നുകാരൻ ഒട്ടനവധി പുറം വേദികളിലും അവർക്കൊപ്പം നിറഞ്ഞുനിന്നു. എസ്.ജാനകി, പി.ലീല,വാണീ ജയറാം, ചിത്ര തുടങ്ങിയവരുടെ പാട്ടുകളിലും ഇദ്ദേഹത്തിന്റെ വേണുദാനം മേമ്പൊടിയായി. കുട്ടിക്കാലത്ത് ഓടക്കുഴലിനോട് തോന്നിയ ഭ്രമം പക്ഷെ ദാരിദ്രത്തിന് വഴിമാറി. എങ്കിലും ഉത്സവ പറമ്പിൽ നിന്നും നാണയത്തുട്ടിന് വാങ്ങിയ ഓടക്കുഴലിൽ പാടി തന്റെ ജന്മസിദ്ധ വാസനയെ ചേർത്തുപിടിച്ചു. വർഷങ്ങൾക്ക് ശേഷം കലാഭവൻ പീറ്റർ ചാലക്കുടിയിൽ തുടങ്ങിയ സംഗീത അക്കാഡമിയിൽ ചേർന്ന് ശാസ്ത്രീയ പഠനം നടത്തി. കൊച്ചിൻ കാലാസദനിൽ ചേർന്നത്് ജീവിതത്തിൽ വഴിത്തിരിവുമായി. ഗൾഫ് രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചതോടെ ജീവിതം പച്ചപിടിച്ചു. തെന്നിന്ത്യയിലെ മുടി ചൂടാമന്നൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകൾക്കും പുല്ലാങ്കഴലൂതി. കുമാറിന്റെ നിലാവൂർന്ന ജീവിതത്തെക്കുറിച്ച് കേരള കൗമുദി മുമ്പും ഫീച്ചർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചതിന്റെ ആഘോഷവം കൂടി പങ്കുവച്ചായിരുന്നു കുമാറിന്റെ പുല്ലാങ്കുഴലില്ലാത്ത ലോകത്തേയ്ക്കുള്ള മടക്കം.