vanjikadu
വഞ്ചിക്കടവിൽ മത്സ്യത്തൊഴിലാളികൾ വഞ്ചികൾ കെട്ടിയിട്ടിരിക്കുന്നു.

കൊടുങ്ങല്ലൂർ : അഴീക്കോട് മുനക്കൽ വഞ്ചിക്കടവ് പ്രദേശത്ത് സോളാർ ലൈറ്റും ക്യാമറയും സ്ഥാപിക്കാൻ ജനകീയ സമിതി യോഗത്തിൽ തീരുമാനം. ഫിഷ് ലാൻഡിംഗ് സെന്ററിനു വേണ്ടി കോടികൾ ചെലവഴിച്ച് മണ്ണിട്ട് നികത്തിയ ഈ പ്രദേശത്താണ് മത്സ്യബന്ധനത്തിനു ശേഷം മത്സ്യത്തൊഴിലാളികൾ വഞ്ചികൾ കെട്ടിയിടുന്നത്. ഇവിടെ സൂക്ഷിക്കുന്ന വഞ്ചികൾക്കും അതിനുള്ളിലെ വലകൾക്കും എൻജിനുകൾക്കും യാതൊരു സുരക്ഷിതത്വവും ഉണ്ടായിരുന്നില്ല. വെളിച്ചം ഇല്ലാത്തതു മൂലം വഞ്ചിയിലുള്ള തൊഴിലുപകരണങ്ങളും എൻജിനുകളും നഷ്ടപ്പെടുന്നതും പതിവായിരുന്നു. ഇതേത്തുടർന്നാണ് ജനകീയ സമിതി രൂപീകരിച്ച് പ്രശ്‌നം പരിഹരിക്കാൻ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളിൽ ലൈറ്റും കാമറയും സ്ഥാപിക്കാനാണ് തീരുമാനം. ഫിഷ് ലാൻഡിംഗ് സെന്ററിനു വേണ്ടി ഡ്രഡ്ജ് ചെയ്തു നികത്തിയ കരഭൂമിയിൽ നിന്നും അനധികൃതമായി മണ്ണെടുക്കുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിസംഗത പുലർത്തുന്നതിനെതിരെ യോഗത്തിൽ പ്രതിഷേധമുയർന്നു. ഫിഷ് ലാൻഡിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് മെമ്പർ സുമിതാ ഷാജി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസ്ഫൽ, പഞ്ചായത്ത് അംഗങ്ങളായ അംബിക ശിവപ്രിയൻ, ജിജി സാബു, കെ.എ. മുഹമ്മദ് റാഫി, അഷറഫ് പൂവത്തിങ്കൽ, അസീസ്, പാറയിൽ മുഹമ്മദ്, നാസർ മാരാത്ത്, നൗഷാദ് കറുകപ്പാടത്ത്, പി.എം. ലിയാക്കത്ത് എന്നിവർ സംസാരിച്ചു. നൗഷാദ് കറുകപ്പാടത്ത് (ചെയർമാൻ), സുമിതാ ഷാജി (കൺവീനർ) എന്നിവർ ഭാരവാഹികളായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പ്രധാന തീരുമാനങ്ങൾ