കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണ പ്രവൃത്തികൾക്കിടെ കോട്ടപ്പുറം പാലത്തിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വീണ്ടും ജലവിതരണം തടസ്സപ്പെട്ടു. കോട്ടപ്പുറം, വി.പി. തുരുത്ത് എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം നിലച്ചു. മൂന്നാഴ്ച മുമ്പും ഇവിടെ പൊട്ടിയിരുന്നു. കരാറുകാരന്റെ ജോലിക്കാർ തട്ടിക്കൂട്ട് പണിയിൽ തത്കാലം ശരിയാക്കിയെങ്കിലും ജല അതോറിറ്റി ജീവനക്കാർ ഇന്നലെ മേഖലയിലേക്കുള്ള കുടിവെള്ളം തുറന്നു വിട്ടപ്പോൾ വീണ്ടും പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന കാന നിർമ്മാണത്തിനിടയിലാണ് ഇടയ്ക്കിടെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം താറുമാറാകുന്നത്.
എറണാകുളം, തൃശൂർ ജില്ലാ അതിർത്തി പങ്കിടുന്ന കായലോര പ്രദേശമാണ് കോട്ടപ്പുറം. വെള്ളത്താൽ ചുറ്റപ്പെട്ട വി.പി. തുരുത്തിലുള്ളവരെല്ലാം ജല അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇത്തരത്തിലുള്ള 550 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കോട്ടപ്പുറം പ്രദേശത്തും ഇത്രത്തോളം തന്നെ കണക്്ഷനുകളുള്ള വീടുകളാണ് നിലവിലുള്ളത്. കാനയുടെ സൈഡ് വാളിന്റ കോൺക്രീറ്റ് ജോലികൾ ഇന്ന് അവസാനിക്കുമെന്നും അതിനുശേഷം മാത്രമെ പൊട്ടിയ പൈപ്പ് ശരിയാക്കാൻ കഴിയുകയുള്ളൂവെന്നാണ് പറയുന്നത്.