viyyur

തൃശൂർ: വിയ്യൂർ ജയിലിന് മുൻവശം കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മോഷ്ടാവിനായുള്ള അന്വേഷണം തമിഴ്‌നാട്ടിലും ഊർജ്ജിതം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് തമിഴ്‌നാട് സ്വദേശി ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി മോഷണത്തിന് പുറമേ കൊലപാതകം അടക്കം 53 കേസിൽ പ്രതിയാണ്.

വാനിൽ നിന്ന് ഇറക്കുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിലെ പെരിയകുളം കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിൽ തിരിച്ചെത്തിച്ചപ്പോഴാണ് സംഭവം. വാഹനത്തിന്റെ വാതിൽ തുറക്കുന്നതിന് മുൻപ് ചാടി രക്ഷപ്പെട്ടുവെന്നാണ് പറയുന്നത്. വ്യാഴാഴ്ചയായിരുന്നു ഇയാളെ വിയ്യൂരിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത്. കേരളത്തിലെ കേസുമായി ബന്ധപ്പെട്ടാണ് വിയ്യൂരിലെത്തിച്ചത്. കേരള അതിർത്തി കടക്കാനുള്ള സാഹചര്യം മുന്നിൽക്കണ്ട് തമിഴ്‌നാട് പൊലീസും ജാഗ്രത പുറപ്പെടുവിച്ചു.