theera-samraskshanum

കൊടുങ്ങല്ലൂർ : കടൽ കാർന്നെടുക്കുന്ന തീരം സംരക്ഷിച്ച് നിലനിറുത്താൻ ടെട്രാപോഡുകളും ഡയഫ്രം മതിലുകളും സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനം ജലരേഖയായതോടെ എറിയാട് പഞ്ചായത്തിലെ തീര സംരക്ഷണം പാളുന്നു. സർക്കാരിന്റെ സാമ്പത്തിക പരാധീനത മൂലമാണ് പദ്ധതിക്ക് അംഗീകാരം വൈകുന്നതെന്നാണ് സൂചന. കടലാക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കല്ലിട്ട് ഭിത്തികെട്ടുന്ന പരമ്പരാഗത രീതി മാറ്റി ടെട്രാപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ചുള്ള പുതിയ പരീക്ഷണം നടപ്പാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
കേരളത്തിലെ 40 മുതൽ 75 കിലോമീറ്റർ വരെ തീരമാണ് ഏറ്റവും ദുർബലമായി കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി എറിയാട് പഞ്ചായത്തിന്റെ തീരത്തെയും തിരഞ്ഞെടുത്തിരുന്നു. ഈ പ്രദേശങ്ങൾ ടെട്രാപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണത്തിനായി ഏറ്റെടുക്കാനായിരുന്നു തീരുമാനം. എറിയാട് പഞ്ചായത്ത് പ്രദേശം, എടവിലങ്ങ് പഞ്ചായത്തിലേക്ക് കയറുന്ന ഭാഗം എന്നിവയുൾപ്പടെ നാലരക്കിലോമീറ്റർ ദൂരമാണ് ഹോട്ട് സ്പോട്ടായി കണക്കാക്കി ടെട്രാപോഡുകളും ഡയഫ്രം മതിലുകളും സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. കേന്ദ്ര ഏജൻസിയായ ഐ.സി.സി.ആർ ഇതേപ്പറ്റി പഠനം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. സർക്കാർ അംഗീകരിച്ചാൽ മാത്രമെ എസ്റ്റിമേറ്റ് തയ്യാറാക്കാനാകൂ. അഴീക്കോട് പുലിമൂട്ടിൽ ഇതേ പദ്ധതി നടപ്പിലാക്കിയത് ഏറെ വിജയകരമാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാൽ എറിയാട് പഞ്ചായത്തിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് അറിയുന്നത്.
സർക്കാരിന്റെ പുനർഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചതിനാൽ വീടുകൾ കടലെടുക്കുമെന്ന ഭീഷണിയില്ലെന്നത് ആശ്വാസമാണ്. ഇനി നാലോ അഞ്ചോ കുടുംബങ്ങളാണ് കടലോരത്ത് താമസിച്ച് വരുന്നത്. ഇവരെയും വൈകാതെ മാറ്റി താമസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നാണ് ജനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം.

രൂക്ഷമായ കടലേറ്റം നാലു പഞ്ചായത്തുകളിൽ
എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം പഞ്ചായത്തുകളിലാണ് രൂക്ഷമായ കടലേറ്റമുണ്ടാകുന്നത്. നേരത്തെ കാലവർഷത്തിലാണ് കടലാക്രമണം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഏതുസമയവും കടലാക്രമണം ഉണ്ടാകുന്ന അവസ്ഥയാണ്. അഴീക്കോട് മുതൽ മതിലകം പോക്ലായി വരെയുള്ള കടലോരത്ത് കടൽഭിത്തികൾ വർഷങ്ങളായി പൂർണമായും തകർന്ന അവസ്ഥയിലാണ്. 2017ലെ ഓഖി കടലേറ്റത്തോടെ പൂർണമായും തകർന്നടിഞ്ഞ ഭിത്തികളും തടയണകൾക്കും പകരം സ്ഥാപിച്ച ജിയോബാഗ് തടയണകളും കടലെടുക്കുകയായിരുന്നു.

കടലോരത്ത് താമസിച്ചിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ സംസ്ഥാന സർക്കാർ 40 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.
-ഇ.ടി. ടൈസൺ
(എം.എൽ.എ)