ചേർപ്പ് : നിർമ്മാണച്ചെലവ് അധികരിച്ചതോടെ കൂർക്കഞ്ചേരി-കൊടുങ്ങല്ലൂർ റോഡ് നിർമ്മാണക്കരാറും റദ്ദാക്കുന്നു. ഇതേത്തുടർന്ന് കരാറുകാരൻ റോഡ് നിർമ്മാണ പദ്ധതിയിൽ നിന്ന് പിന്മാറി. നിർമ്മാണം ഏറ്റെടുത്ത കെ.എസ്.ടി.പി എന്ന കമ്പനിയാണ് കരാറിൽ നിന്ന് ഒഴിഞ്ഞത്. ജർമ്മൻ ബാങ്ക് സഹായത്തോടെ 200 കോടി രൂപ ചെലവിലാണ് റോഡ് നിർമ്മാണം കമ്പനി ഏറ്റെടുത്തിരുന്നത്. നിർമ്മാണച്ചെലവ് അധികരിച്ചതും ബില്ലുകൾക്ക് യഥാസമയം പണം ലഭ്യമാകാത്ത സാഹചര്യം വന്നതോടെയുമാണ് കമ്പനി പിന്മാറാൻ നിർബന്ധിതരായത്. 34 കിലോമീറ്റർ ദൂരമുള്ള റോഡിലെ കോൺക്രീറ്റിംഗ് ജോലികൾ 13 കിലോമീറ്റർ മാത്രമെ പൂർത്തീകരിച്ചിട്ടുള്ളൂ.
ഇതിനിടെ കോൺക്രീറ്റിന് പകരം മെക്കാഡം ടാറിംഗ് വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. ജില്ലയിൽ പെതുമരാമത്ത് വകുപ്പ് നടത്തുന്ന രണ്ടാമത്തെ വലിയ റോഡ് നിർമ്മാണവും ഇതോടെ നിലച്ച സ്ഥിതിയിലായി. മൂന്ന് വർഷത്തോളമായി ഈ റോഡിന് വേണ്ടി നാട്ടുകാരും യാത്രക്കാരും വ്യാപാരികളും സഹിച്ച ബുദ്ധിമുട്ട് വളരെയേറെയാണ്. പാലയ്ക്കൽ, പൂച്ചിന്നിപ്പാടം സെന്ററുകളിൽ റോഡുകളുടെ തകരാർ മൂലം വാഹന ഗതാഗത തടസവും നേരിടുകയാണ്. റോഡ് നിർമ്മാണം മൂലം മേഖലയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളും ഇതിനകം അടച്ചുപൂട്ടിയിരുന്നു.
പൂർത്തിയായത്
13 കിലോമീറ്റർ റോഡ് കോൺഗ്രീറ്റിഗ് മാത്രം.