ചെറുതുരുത്തി: വർഷങ്ങൾക്കുശേഷം മഹാകവി വള്ളത്തോളിന്റെ മുന്നൂറോളം വരുന്ന കുടുംബാംഗങ്ങൾ ഒത്തുചേരുന്ന മഹാതറവാട് കുടുംബ സംഗമം ചെറുതുരുത്തി നിള കാമ്പസിൽ നടന്നു. പ്രസിദ്ധമായ വള്ളത്തോൾ തറവാട്ടിലെ അംഗങ്ങൾ ഞായറാഴ്ച പഴയ കലാമണ്ഡലം നിള കാമ്പസിലാണ് ഒത്തുചേർന്നത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള മുന്നൂറോളം കുടുംബാംഗങ്ങൾ സംഗമത്തിനായി എത്തിച്ചേർന്നു. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ വള്ളത്തോളിന്റെയും അദ്ദേഹത്തിന്റെ പ്രിയപത്‌നി ചിറ്റഴി മാധവിഅമ്മയുടെയും സമാധിയിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഡോ. അനിൽ വള്ളത്തോൾ കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കുടുംബത്തിലെ 84 വയസ് പ്രായമുള്ള മുതിർന്ന അംഗങ്ങളെയും വിവിധ മേഖലകളിൽ ബഹുമതി നേടിയവരെയും ചടങ്ങിൽ ആദരിച്ചു. വള്ളത്തോൾ തറവാട് ഡയറക്ടറിയുടെ പ്രകാശനവും നടന്നു. ഉച്ചഭക്ഷണത്തിനു ശേഷം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
മുഖ്യ സംഘാടകരായ വള്ളത്തോൾ ഭരദ്വാജൻ, വള്ളത്തോൾ രവീന്ദ്രനാഥ്, വള്ളത്തോൾ നന്ദകുമാർ, ഡോ. അനിൽ വള്ളത്തോൾ, ഡോ. വിനോദ് വള്ളത്തോൾ, രതി മേനോൻ എന്നിവർ സംസാരിച്ചു.