കുന്നംകുളം: വേലൂരിൽ കനത്ത മഴയിൽ മാവിന്റെ കൊമ്പൊടിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്. കുറുമാൽ മൂളിപറമ്പിൽ സരളയുടെ മകൻ ഭാസനാണ് പരിക്കേറ്റത്. ഇന്നലെ മൂന്നോടെയായിരുന്നു സംഭവം. പരിക്കേറ്റ ഭാസനെ കേച്ചേരി ആക്ടസ് പ്രവർത്തകർ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാറയ്ക്കൽ കുറ്റിക്കാട്ട് സാബുവിന്റെ വീട്ടിലെ മാവാണ് പൊട്ടിവീണത്. സാബുവിന്റെയും സഹോദരൻ ബാബുവിന്റെയും വീടിന് മുകളിലും കുറുമാൽ വേലുർ റോഡിലുമായാണ് മാവിന്റെ വലിയ കൊമ്പ് പൊട്ടിവീണത്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി പൂർണമായും തടസപ്പെട്ടു. വൈദ്യുതി കമ്പിയും പോസ്റ്റിന്റെ സ്റ്റേ കമ്പിയും പൊട്ടിയിട്ടുണ്ട്. മൂന്ന് പോസ്റ്റ് ചെരിഞ്ഞിട്ടുമുണ്ട്.
കേച്ചേരി കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആറുമണിയോടെ വൈദ്യുതി ബന്ധം സ്ഥാപിച്ചു. വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ എം.ജി. രാജേഷ്, അനുശാൽ, മുഹമ്മദ് മുസ്തഫ, സുധീഷ്, ബാബു എന്നിവരുടെയും പ്രദേശവാസികളുടെയും ഏറെ നേരത്തെ പരിശ്രമത്തിൽ മരം മുറിച്ച് മാറ്റി.