nws-


കുന്നംകുളം: അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കുന്നംകുളം സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ സബ് ട്രഷറി ഓഫീസ് ഗുരുവായൂർ റോഡിലെ വാടക കെട്ടിടത്തിലാകും പ്രവർത്തിക്കുക. മുൻപ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന ഗുരുവായൂർ റോഡിലെ കെട്ടിടത്തിലേക്കാണ് ട്രഷറി മാറ്റുന്നത്. 1982ലാണ് നിലവിലുള്ള ടൗൺ ഹാൾ റോഡിലെ കെട്ടിടത്തിൽ സബ് ട്രഷറി ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.

3400 ഓളം പേർക്ക് പെൻഷൻ വിതരണം ചെയ്യുന്ന ട്രഷറിയുടെ പ്രവർത്തന മേഖലയിൽ 224 സർക്കാർ ഓഫീസുകളുണ്ട്. തിരക്കേറിയ സബ് ട്രഷറിയുടെ അസൗകര്യങ്ങൾ മൂലം പൊതുജനങ്ങൾ വലിയ ബുദ്ധിമുട്ടിലായിരുന്നു. കൂടുതൽ സൗകര്യങ്ങൾക്കുള്ള കെട്ടിടം പൊതുജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. ഇതിന് തയ്യാറാക്കിയിരുന്ന പദ്ധതി പല കാരണങ്ങളാൽ വൈകി. ഇതിനിടെ ഭാഗികമായി അറ്റകുറ്റപ്പണി നടത്താൻ ശ്രമം ഉണ്ടായെങ്കിലും ഒടുവിൽ പുതിയ കെട്ടിടം പണിയാൻ തീരുമാനിക്കുകയായിരുന്നു.

കെട്ടിടനിർമ്മാണം രണ്ടരക്കോടി ചെലവിൽ

ട്രഷറി ഇപ്പോൾ പ്രവർത്തിക്കുന്ന 28 സെന്റിൽ ഇരുനിലകളിലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം വരുന്നത്. എച്ച്.എൽ.എല്ലിനാണ് ർ നിർമ്മാണച്ചുമതല. രണ്ടു വർഷത്തിതിനകം നിർമ്മാണം പൂർത്തീകരിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.