കനത്ത മഴയിൽ കാരയിലെ റോഡിലുണ്ടായ വെള്ളക്കെട്ട്.
കൊടുങ്ങല്ലൂർ : മഴ കനത്തതോടെ എടവിലങ്ങ് കാരയിലെ റോഡിൽ പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നത് ദുരിതമാകുന്നു. റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് കാൽനട യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ വ്യാപാര സ്ഥാപനങ്ങളിലേയ്ക്കാണ് വെള്ളം കയറുന്നത്. ബസ് സ്റ്റോപ്പിലേക്കും കച്ചവട സ്ഥാപങ്ങളിലേക്കും മറ്റുമായി വരുന്ന നൂറുകണക്കിനാളുകൾ ചെളിവെള്ളത്തിലൂടെയാണ് നടക്കുന്നത്. സ്‌കൂൾ തുറക്കുന്നതോടെ ഈ റോഡിലൂടെ നൂറുകണക്കിന് കുട്ടികളാണ് സമീപത്തെ സെന്റ് ആൽബന സ്‌കൂളിലേക്ക് പോകേണ്ടത്. വെള്ളം കെട്ടിക്കിടന്ന് പകർച്ച വ്യാധികൾഉൾപ്പെടെ പടർന്നുപിടിക്കാനും സാദ്ധ്യത ഏറെയാണ്.
ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് കോൺഗ്രസ് എടവിലങ്ങ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഇ.കെ. സജീവൻ അദ്ധ്യക്ഷനായി. നേതാക്കളായ ഇ.കെ. സോമൻ, ഇ.എം. ജോസഫ് ദേവസി, പി.കെ. സക്കറിയ, ബെന്നി കാവലംകുഴി, മേരി ജോളി, സി.എ. ഗുഹൻ, ഇ എസ് സുനിൽ കുമാർ, പി.എൻ. രഞ്ജിത്ത്, ജോസ്മി ടൈറ്റസ്, ഇ.എൽ. ജോസഫ്, കെ.പി. അയ്യപ്പദാസ് എന്നിവർ സംസാരിച്ചു.
പ്രശ്‌നം പരിഹരിക്കാൻ അധികൃതർ ഉടൻ ഇടപെടണം. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും.
- കോൺഗ്രസ് എടവിലങ്ങ് മണ്ഡലം കമ്മിറ്റി യോഗം.