malinyam
കൊടുങ്ങല്ലൂർ നഗരസഭാ ടൗൺ ഹാൾ പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.

കൊടുങ്ങല്ലൂർ: നഗരസഭാ ടൗൺ ഹാളിന്റെ അടുക്കള കെട്ടിടം ചോർന്നൊലിക്കുന്നു. കഴിഞ്ഞ ദിവസം ടൗൺ ഹാളിൽ നടന്ന വിവാഹസദ്യ ശക്തമായ മഴയിൽ മേൽക്കൂര ചോർന്ന് അലങ്കോലപ്പെട്ടു. അടുക്കള കെട്ടിടത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ പദ്ധതിയിൽ ബാക്കി വന്നവ കൂട്ടിയിട്ടതും നനഞ്ഞ് കുതിർന്ന് നശിക്കുകയാണ്. ടൗൺഹാൾ പരിസരം പൂർണമായും ഫ്‌ളക്‌സ് മാലിന്യങ്ങൾ കൊണ്ടും പൊട്ടിയ ക്ലോസറ്റ് വേസ്റ്റ് ഉൾപ്പെടെ പലതരത്തിലുള്ള മാലിന്യങ്ങൾ കൊണ്ടും വൃത്തിഹീനമായ അവസ്ഥയിലാണ്. ടൗൺ ഹാളും പരിസരവും സംരക്ഷണിക്കണമെന്നും ചോർന്നൊലിക്കുന്ന അടുക്കള കെട്ടിടം അടിയന്തരമായി പുതുക്കി പണിയണമെന്നുമാണ് ഉയരുന്ന ആവശ്യം.
ഇതേ ആവശ്യം ബി.ജെ.പി നഗരസഭാ കൗൺസിലർമാരുടെ യോഗവും ഉയർത്തിയിട്ടുണ്ട്. യോഗത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, ഉപനേതാവ് രശ്മി ബാബു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, കൗൺസിലർ ശാലിനി വെങ്കിടേശ്, പരമേശ്വരൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

ടൗൺഹാളും പരിസരവും സംരക്ഷിക്കണം. ചോർന്നൊലിക്കുന്ന അടുക്കള കെട്ടിടം അടിയന്തരമായി പുതുക്കി പണിയണം. കട്ടിലുകൾ നനഞ്ഞൊലിച്ച് നശിക്കാനിടയായ സാഹചര്യം എന്താണെന്ന് പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം.
- ബി.ജെ.പി നഗരസഭാ കൗൺസിലർമാർ.

അടുക്കള ചോർച്ച ഇന്നലെയാണ് ശ്രദ്ധയിൽപെട്ടത്. അത് അടിയന്തരമായി ശരിയാക്കാൻ നടപടിയെടുക്കും. കട്ടിലുകൾ വാർഡുകളിൽ വയോജനങ്ങൾക്ക് നൽകാനുള്ളതാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് വിതരണം നടത്താൻ കഴിയാതെ അവിടെ വച്ചിട്ടുള്ളത്. ഫ്‌ളക്‌സ് ബോർഡുകൾ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ അഴിച്ചു കൊണ്ടുവന്നിട്ടുള്ളതാണ്. ഇതും പെരുമാറ്റ ചട്ടം കഴിഞ്ഞാൽ ലേലം ചെയ്യും.
- ടി.കെ. ഗീത
(നഗരസഭാ ചെയർപേഴ്‌സൺ)