കുന്നംകുളം: തിരിവും വീതി കുറവുള്ള റോഡും മൂലം കുന്നംകുളം റോഡിൽ അപകടം പെരുകുന്നു. അപകടകരമായ തിരിവിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു. വലിയ അപകടത്തിൽ നിന്ന് പലപ്പോഴും വാഹനങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ചെറുവത്താനിയിൽ കഴിഞ്ഞദിവസം കാറുകൾ കൂട്ടിയിടിച്ച് ഇരു വാഹനങ്ങളുടെയും മുൻവശം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്നും വട്ടംപാടം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞിട്ടും കുത്തനെയുള്ള തിരിവിൽ നിന്ന് അപകടത്തിൽപെട്ട വാഹനങ്ങൾ മാറ്റിയിടാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. കുന്നംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു. റോഡിന്റെ വീതി കുറവും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ മിറർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിററിൽ പൊടിപിടിച്ച് ദൃശ്യങ്ങൾ വ്യക്തമാകാത്ത സ്ഥിതിയുണ്ട്.
അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം
നാട്ടുകാർ.