kadal

കൊടുങ്ങല്ലൂർ : തീരദേശവും ജൂണിലെ പ്രവേശനോത്സവത്തിന് കാത്തിരിപ്പിലാണ്. പക്ഷേ വള്ളങ്ങൾ കടലിലിറക്കിയിട്ട് മാസങ്ങളായി. തീവ്രമായ ചൂടിൽ തീരക്കടലിലെ മത്സ്യങ്ങൾ അപ്രത്യക്ഷമായി. പിന്നാലെ മഴയെത്തിയെങ്കിലും പിന്നാലെ ജാഗ്രതയും നിയന്ത്രണങ്ങളുമെത്തി. തൊഴിൽ ഇല്ലാതെയായതോടെ തീരദേശം കടുത്ത വറുതിയിലാണ്. വീട്ടുചെലവിന് പോലും പണം കണ്ടെത്താനാകുന്നില്ല. ഒരാഴ്ച കഴിയുമ്പോൾ സ്‌കൂൾ തുറക്കും. കുട്ടികൾക്ക് പുസ്തകം ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വാങ്ങണം. പുത്തൻ യൂണിഫോം വേണം. കുടയും ബാഗും ചെരിപ്പും വേണം. എല്ലാറ്റിനും പണം വേണം. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ലഭിക്കുന്ന ലംപ്‌സം ഗ്രാന്റ് തന്നെ ലഭിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. അതെങ്കിലും ലഭിച്ചിരുന്നെങ്കിൽ ആശ്വാസമായേനെ.

ഫിഷറീസ് വകുപ്പിന്റെ കണക്കിൽ കയ്പമംഗലം നിയോജക മണ്ഡലത്തിൽ മാത്രം മത്സ്യബന്ധനത്തിന് പോകുന്ന രജിസ്റ്റർ ചെയ്ത പരമ്പരാഗത മത്സ്യത്തൊഴിലാളികൾ 4,996 ആണ്. അനുബന്ധത്തൊഴിലാളികൾ ആയിരങ്ങൾ വരും. പണിയൊന്നും ഇല്ലാതായതോടെ അവരുടെ കുടുംബങ്ങളും ജീവിതവും വഴിമുട്ടിയ നിലയിലാണ്. ജില്ലയിൽ അഴീക്കോട് മുതൽ ചേറ്റുവ വരെ നീണ്ടുകിടക്കുകയാണ് മത്സ്യബന്ധനം ഉപജീവനമാക്കിയവർ.

എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ നെട്ടോട്ടത്തിലാണ് മത്സ്യത്തൊഴിലാളികൾ. അറുപത് ശതമാനവും ഒന്നുമില്ലാത്തവർ. വായ്പയായും കടമായുമാണ് വറുതിക്കാലത്ത് കഴിഞ്ഞുപോന്നത്. സ്‌കൂൾ തുറക്കാനായതോടെ വട്ടിപ്പലിശക്കാരുടെ മുമ്പിൽ അഭയം തേടുകയാണ്. ഒന്നോ രണ്ടോ കുട്ടികളുണ്ടെങ്കിലും ബാഗിനും പുസ്തകങ്ങൾക്കുമെല്ലാമായി ആയിരങ്ങൾ മുടക്കണം. ആഴ്ച തിരിച്ചടവിലുള്ള കരാറിലാണ് പണം നൽകുന്നത്. ഒരാഴ്ച വീഴ്ച വരുത്തിയാൽ അതിനും പിഴ പലിശ. വലിയ ജാമ്യവും ഈടും നൽകാതെ മണിക്കൂറിനുള്ളിൽ പണം കിട്ടും.

പ്രതീക്ഷ ട്രോളിംഗ് കാലത്ത്

ജൂൺ മാസം ആരംഭിച്ചാൽ ചെറുവഞ്ചി ഉൾപ്പെടെയുള്ള പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് സീസണാണ്. 52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലിവിൽ വന്നു കഴിഞ്ഞാൽ മത്സ്യത്തിന് നല്ല വില കിട്ടും. ആ പ്രതീക്ഷയിലാണ് അതിതീവ്രചൂടും മഴജാഗ്രതയും പിന്നിട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ജൂണിനായി കാത്തിരിക്കുന്നത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ 10,000+

മഴക്കാലമായ സെപ്തംബർ മാസം വരെ നല്ല രീതിയിൽ പണി ഉണ്ടായാൽ കടങ്ങളെല്ലാം കൊടുത്തുതീർക്കാം

പി.ബി.ഷീബൻ
മത്സ്യത്തൊഴിലാളി

(പടിഞ്ഞാറെ വെമ്പല്ലൂർ ആറ്റുപുറം)

വറുതിക്കാലത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സർക്കാർ സഹായം നൽകണം

അഡ്വ.ഷാജു താലശ്ശേരി

സംസ്ഥാന പ്രസിഡന്റ്

യുവജനസഭ