കൊടുങ്ങല്ലൂർ : തൃശൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാത നിർമ്മാണം പൂർത്തിയാക്കാതെ കരാർ കമ്പനി പിൻമാറിയ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. നിർമ്മാണ വസ്തുക്കളുടെ വില അധികരിച്ചതിനാലും ബില്ലുകളുടെ പണം യഥാസമയം ലഭിക്കാതിരുന്നതും മൂലമാണ് കരാർ കമ്പനിയായ കെ.എസ്.ടി.പി പ്രവൃത്തിയിൽ നിന്നും പിൻമാറിയത്. തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ 35 കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്യാനും കട്ടകൾ വിരിക്കാനുമാണ് പി.ഡബ്ല്യു.ഡിക്ക് കീഴിലുള്ള കെ.എസ്.ടി.പി എന്ന കമ്പനിക്ക് കരാർ നൽകിയിരുന്നത്. 2023 ഫെബ്രുവരി 26ന് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായിരുന്നു കരാർ. നിർമ്മാണപ്രവർത്തനങ്ങൾ നീണ്ടുപോയതോടെ കളക്ടർ ഇടപെട്ട് വേഗം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിരുന്നതാണ്. എന്നാൽ 11 കിലോമീറ്റർ ദൂരം മാത്രമാണ് കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 12 കിലോമീറ്റർ ദൂരം പല ഇടത്തായി ടാറിംഗ് പൊളിച്ച് നീക്കിയിട്ടുമുണ്ട്.
മഴ കനത്തതോടെയും റോഡ് പലയിടത്തും പൊളിഞ്ഞ് കിടക്കുന്നതിനാലും ഗതാഗതക്കുരുക്കും അപകട സാദ്ധ്യതയും ഏറിയിരിക്കയാണ്. ഈ സാഹചര്യത്തിൽ വിഷയത്തിൽ ഗതാഗത മന്ത്രി അടിയന്തരമായി ഇടപെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഈ ആവശ്യവുമായി കൊടുങ്ങല്ലൂർ- തൃശൂർ പാസഞ്ചേഴ്‌സ് ഫോറം രംഗത്തെത്തി. യോഗത്തിൽ പ്രസിഡന്റ് പി.എ. സീതി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.കെ.എം. അഷറഫ്, അഡ്വ. ഷാനവാസ് കാട്ടകത്ത്, ജസീൽ പിച്ചത്തറ, പി.ജി. പാർത്ഥ സാരഥി, പ്രൊഫ. കെ. അജിത, കെ.ടി. സുബ്രഹ്മണ്യൻ, സി.എസ്. തിലകൻ, ടി.കെ. കൊച്ചു ഇബ്രാഹിം, വി.ആർ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

നിർമ്മാണ കമ്പനി പിൻവാങ്ങിയത് സംബന്ധിച്ച് അന്വേഷണം നടത്തണം. നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ പൊതുമരാത്ത് മന്ത്രി അടിയന്തരമായി ഇടപെടണം.
- കൊടുങ്ങല്ലൂർ-തൃശൂർ പാസഞ്ചേഴ്‌സ് ഫോറം.

കമ്പനി കരാർ വ്യവസ്ഥകൾ പാലിച്ചില്ല