acc
അപകടത്തിൽ തകർന്ന കാറ്

കുന്നംകുളം: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ പാതയിൽ കേച്ചേരി കൈപ്പറമ്പിൽ കാർ ഡിവൈഡറിൽ കയറി മറിഞ്ഞു. കഴിഞ്ഞ രാത്രി ഏഴരയോടെയാണ് അപകടം. ചാലക്കുടിയിൽ നിന്നും കുന്നംകുളത്തേക്ക് പോവുകയായിരുന്ന ചാലക്കുടി സ്വദേശി കല്ലുംപറമ്പിൽ വീട്ടിൽ ആദിൽ(24) ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏഴാംകല്ല് കൈപ്പറമ്പ് ഭാഗത്ത് ഡിവൈഡറിൽ വാഹനങ്ങൾ കയറിയുള്ള അപകടം തുടർക്കഥയാണ്. കഴിഞ്ഞദിവസം പുലർച്ചെ ഗുരുവായൂരിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച മിനി ബസ് ഇതേ ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെരുന്നു. അന്ന് തന്നെ മറ്റൊരു കാറും ഡിവൈഡറിൽ ഇടിച്ചുകയറി അപകടമുണ്ടായി. മുണ്ടൂർ കുപ്പികഴുത്തിന്റെ ബ്ലോക്ക് തീർന്ന് ഡിവൈഡർ ഇല്ലാത്ത റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് ഏഴാം കല്ല് വളവ് തിരിഞ്ഞു വരുമ്പോൾ ഇങ്ങനെ ഒരു ഡിവൈഡറിന്റെ സൂചന ബോർഡ് ഇല്ലാത്തതാണ് കാരണം. പേരാമംഗലം ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് താൽകാലിക റിഫ്‌ളക്ടർ സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ ഈ പ്രദേശത്ത് സ്ഥിരമായി ഒരു സിഗ്‌നൽ സംവിധാനം നടപ്പിലാക്കുകയോ ഡിവൈഡർ എടുത്തു മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.